തിരുവന്തപുരം: പൊതുപ്രവര്‍ത്തകരായ യുവജനങ്ങള്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ചെറിയാന് ഫിലിപ്പിന്റേത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും ശബ്ദമുയര്‍ത്തി പറയാന്‍ ചെറിയാന് മടിയില്ല. ഒരുകാലത്ത് എ കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മനസു സൂക്ഷിപ്പുകാരനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞനിന്ന നേതാവായിരുന്നു ചെറിയാന് ഫിലിപ്പ്. കുറച്ചുകാലം കെ കരുണാകരനൊപ്പവും മുന്നണിപോരാളിയായി നിലകൊണ്ടു. ഇക്കാലങ്ങളിലൊന്നും അവസരവാദ രാഷ്ട്രീയത്തിനും പാര്‍ലിമെന്ററി മോഹനങ്ങള്ക്ക് വേണ്ടി ചെറിയാന് ഫിലിപ്പ് തന്റെ നിലപാടുകള്‍ ബലികഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇത്തരം ഉറച്ചനിലപാടുകള്‍ കാരണം കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിടപറയേണ്ടിവന്ന സ്ഥിതിവരെ ഉണ്ടായി. കഴിഞ്ഞ 20 വര്‍ഷമായി ഇടതുസഹയാത്രികനായി പ്രവര്‍ത്തിച്ചുവരുന്ന ചെറിയാന് ഫിലിപ്പിന് അര്‍ഹതയ്ക്കുള്ള അംഗീകരമായാണ് പുതിയ സ്ഥാനലബ്ദിയും പൊതുസമൂഹം വിലയിരുത്തുന്നത്. വി എസ് അച്യുതാനന്ദന് മന്ത്രിസഭയുടെ കാലത്ത് കെ ടി ഡി സി ചെയര്മാന് സ്ഥാനം നല്കി ചെറിയാന്റെ നിലപാടുകള്‍ക്ക് സി പി എം അംഗീകാരം നല്കി. രാജ്യസഭയിലേക്ക് ചെറിയാന് ഫിലിപ്പിനെ സ്ഥാനാര്‍ഥിയാക്കാന്‍ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള നേതാക്കള്‍ താല്‍പര്യമെടുത്തെങ്കിലും സി പി എം കേന്ദ്ര നേതൃത്വത്തില്‍ ഇടപെടലിനെ തുടര്‍ന്ന് എളമരം കരീമിന് നറുക്കുവീഴുകയായിരുന്നു. വീണ്ടും കേരള സര്‍ക്കാരിന്റെ മിഷന് കോ- ഓര്‍ഡിനേറ്റര്‍ എന്ന പദവി നല്കി പിണറായി സര്‍ക്കാര്‍ വീണ്ടും ചെറിയാന് ഫിലിപ്പിന്റെ നിലപാടുകള്‍ക്കും ശൈലികള്‍ക്കും അംഗീകാരം നല്കിയിരിക്കുന്നു.