ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ജനാധിപത്യം നഷ്ടപ്പെട്ടെന്നും അഴിമതിക്കാരുടെ കൂടാരമായെന്നും ആരോപിച്ച് ഇടതു സഹയാത്രികനായി മാറിയ ചെറിയാന്‍ ഫിലിപ്പിന് ഒടുവില്‍ മനംമാറ്റം. ഏറെ വൈകാതെ നവകേരളം കോ -ഓര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് തന്റെ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും ഇടതു നയങ്ങള്‍ക്കും വേണ്ടി പടവാള്‍ ഉയര്‍ത്തിയ ചെറിയാന്‍ കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമല്ല.
ഒരുലക്ഷം രൂപ പ്രതിമാസ വേതനം ലഭിക്കുന്ന നവകേരളം കോ ഓര്‍ഡിനേറ്റര്‍ പദവി ലഭിച്ചുവെങ്കിലും ഉദ്യോഗസ്ഥന്മാരുടെ നിസ്സകരണം കാരണം യാതൊരു പ്രവര്‍ത്തനം നടക്കുന്നില്ലെന്ന പരിഭവവും ചെറിയാന്റെ മനംമാറ്റത്തിന് വഴിവെച്ചുവെന്നാണ് സൂചന. രാജ്യസഭയിലേക്ക് ഇടതുസ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അവസാനം പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ എളമരം കരീമിനാണ് നറുക്കുവീണത്. ഇത്തരത്തില്‍ ചെറുതും വലതുമായ മുറിവുകളില്‍ മനസ്സ് പിടയുന്നതിനിടെ സി പി എമ്മിനെയും നേതാക്കളെയും വരിഞ്ഞുമുറുക്കി ഓരോ ദിവസവും അഴിമതിക്കഥകള്‍ പുറത്തുവരുന്നത് ഈ പഴയ ദേശീയവാദി നേതാവിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചുവെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ചെറിയാന്‍ അധികം വൈകാതെ ഇടതുബാന്ധവം ഉപേക്ഷിച്ചേക്കുമെന്നും അറിയുന്നു. വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനവും പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ നവകേരളം കോ-ഓര്‍ഡിനേറ്റര്‍ പദവിയും നല്‍കി ചെറിയാന്‍ ഫിലിപ്പിന് സി പി എം മുഖ്യപരിഗണന നല്‍കിയിരുന്നു. സി പി എമ്മില്‍ നിന്നും ഉദ്യോഗസ്ഥന്മാരില്‍ നിന്നുള്ള നിസ്സകരണവുമാണ് മനംമാറ്റത്തിന് കാരണമെന്നാണ് സൂചന.
കോണ്‍ഗ്രസില്‍ 2001 കാലഘട്ടത്തില്‍ യുവാക്കള്‍ക്ക് വേണ്ടി വാദിച്ച് കലാപം ഉയര്‍ത്തി ഇടതുസഹയാത്രികനായി മാറിയ ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മാതൃസംഘടനയിലേക്ക് മടങ്ങിവരുമെന്നാണ് സൂചന. ചെറിയാന്‍ ഫിലിപ്പിനെ തിരികെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കുറച്ചുനാളായി ഏ കെ ആന്റണി കേരള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ മടക്കികൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടിയാണ് മുന്‍കൈയെടുത്തിരിക്കുന്നത്.
ഇടതുബാന്ധവം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസിലും ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ അടക്കം ചെറിയാനെ പരിഗണിക്കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്ന വിവരം ഉമ്മന്‍ ചാണ്ടി അറിയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി ഏവരുടെയും പ്രിയങ്കരനായ ചെറിയാന്‍ ഫിലിപ്പിനെ തിരികെ എത്തിക്കുന്നതില്‍ രമേശ് ചെന്നിത്തലയും അനുകൂലമാണ്.