സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം

Kerala Latest News

കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നുവീണു.

എറണാകുളം കുന്നത്തുനാട്ടില്‍ മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലമ്പൂര്‍, തട്ടാംമുകള്‍, മഴുവന്നൂര്‍ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകള്‍ തകരുകയും വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തുകയും ചെയ്തു. മഴക്കെടുതിയില്‍ സഹായം എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ശക്തമായ മഴയില്‍ പറവൂരില്‍ അന്‍പതോളം വീടുകള്‍ തകര്‍ന്നു. കോട്ടുവള്ളി പഞ്ചായത്തില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണു. ആലങ്ങാട,് കരുമാലൂര്‍ പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടം ഉണ്ടായി.

ഇടുക്കിയില്‍ ഇന്നലെ രാത്രി മുതല്‍ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകള്‍ തകര്‍ന്നു. കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടുകയും ചെയ്തു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോട്ടയത്ത് ശക്തമായ കാറ്റില്‍ ആറ് വീടുകള്‍ തകര്‍ന്നു. രാമപുരം മേതിരിയിലാണ് സംഭവം. ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *