രാഷ്ട്രീയകാര്യ ലേഖകന്‍
തിരുവനന്തപുരം: സി പി എം പിന്തുണയില്‍ രാജ്യസഭാ എം പിയാകാനുള്ള ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ നീക്കം പാളിയതോടെ എ കെ ജി സെന്ററിലിരുന്ന് പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ചെറിയാന്‍ നടത്തിവന്നത് വന്‍ ഗൂഢാലോചനകള്‍. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ കഴിഞ്ഞ ഒന്നരവര്‍ഷമായി ചെറിയാന്റെ ഓരോ ചലനങ്ങളും ഇടതുസര്‍ക്കാരും സി പി എമ്മിനും നീരീക്ഷിച്ചു വരികയായിരുന്നു. ഈ വിവരം ചെറിയാന്‍ അറിഞ്ഞതോടെ ഗത്യന്തരമില്ലാതെ കോണ്‍ഗ്രസിലേക്ക് മടങ്ങുവാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.
ഇടതുസഹയാത്രികനായി കഴിഞ്ഞ 20 വര്‍ഷമായി സി പി എമ്മിനൊപ്പം നിലകൊള്ളുകയും ഒടുവില്‍ പാര്‍ട്ടിയുടെ ഒറ്റുകാരന്റെ റോളിലേക്ക് വേഷം അണിഞ്ഞ ചെറിയാന്‍ ഫിലിപ്പിന്റെ അവിഹിത ഇടപാടുകള്‍ വരും ദിവസങ്ങളില്‍ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും പൊതുസമൂഹത്തെ അറിയിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തല്‍ക്കാലം ചെറിയാന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കേണ്ടെന്നാണ് സി പി എമ്മിലെ പൊതുധാരണ. എന്നാല്‍ കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കാന്‍ നിരന്തരം കടന്നാക്രമങ്ങള്‍ക്ക് മുതിര്‍ന്നാല്‍ എ കെ ജി സെന്റിലും സെക്രട്ടറിയേറ്റില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും ചെറിയാന്‍ നടത്തിയ എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നാണ് സി പി എം കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.
പാര്‍ലിമെന്ററി മോഹം നടക്കാതെ വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉപകാര സ്മരണകള്‍ ചെയ്യുന്ന ചട്ടുകമായിട്ടാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഇടപെടലുകള്‍ പാര്‍ട്ടി കണ്ടെത്തിയത് . രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത് തടയാന്‍ യു ഡി എഫിലെ തന്റെ അടുപ്പക്കാര്‍ മത്സരിച്ച തൃശൂര്‍, തിരുവനന്തപുരം, പത്തനാപുരം അടക്കം ഒരു ഡസനോളം നിയമസഭാ മണ്ഡലങ്ങളില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ചെറിയാന്‍ ഫിലിപ്പ് നടത്തിയ ഫോണ്‍ സംഭാഷണങ്ങളും മറ്റ് നിര്‍ണ്ണായക വിവരങ്ങളും സി പി എം കൈയ്യോടെ പൊക്കിയിരുന്നു. ഈ നീക്കം പിണറായി വിജയന്റെ ചെവിയില്‍ എത്തിയതോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ നിന്ന് ചെറിയാനെ മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ നിന്നും ചെറിയാന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. എ കെ ജി സെന്ററില്‍ നടക്കുന്ന വിവരങ്ങള്‍ കൃത്യമായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാനും ചെറിയാന്‍ രഹസ്യനീക്കം നടത്തിയെന്ന് പാര്‍ട്ടി കണ്ടെത്തികഴിഞ്ഞു.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി നിലകൊണ്ട കാലത്ത് സര്‍ക്കാരിന്റെ സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് മുഖ്യമന്ത്രിയെ അടക്കം ചൊടിപ്പിച്ചിരുന്നു. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നത് പിന്നിലെ ചാലകശക്തി ആരാണെന്ന് തിരിച്ചറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാതിലുകള്‍ ചെറിയാന് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നില്‍ കണ്ട് പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റയാനായി മാറിയ പിണറായി വിജയനെതിരെ ചില മുതിര്‍ന്ന നേതാക്കളെ കൂട്ടുപിടിച്ച് വിഭാഗീയത വളര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ കണ്ടെത്തലും ചെറിയാന്‍ ഫിലിപ്പിന് മേല്‍ സി പി എം നടത്തികഴിഞ്ഞു.
ഇടതുമന്ത്രിസഭയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ അഴിമതി രഹിത ഇടപെടലുകളെ തെറ്റായി ചിത്രീകരിക്കാനുള്ള ബുദ്ധികേന്ദ്രവും ചെറിയാന്‍ ഫിലിപ്പിന്റേതാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിലകൊണ്ട കാലത്ത് എ-ഐ ഗ്രൂപ്പുകളെ തമ്മിലടിപ്പിച്ചും വാരിപ്പുണര്‍ന്നും ചെറിയാന്‍ ഫിലിപ്പ് നടത്തി വന്ന രാഷ്ടീയ ശൈലിയുടെ പകര്‍പ്പ് സി പി എമ്മിനോടും പയറ്റാമെന്ന ചിന്തയാണ് ഇതോടെ വികൃതമാക്കപ്പെട്ടത്.