ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം; പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു

Kerala Latest News

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കള്‍ ബീച്ചില്‍ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവര്‍ പോലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന കര്‍ശനമാണെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പാക്കാരാണ് ബീച്ചിലെത്തിയത്.

ബൈക്കിലെത്തിയ പോലീസിനെ കണ്ടതോടെ ഇവര്‍ ഇടവഴികളിലൂടെ ഓടി രക്ഷപെട്ടു. ലോക്ക്ഡൗണ്‍ ലംഘിക്കപ്പെട്ടതോടെ കൂടുതല്‍ പോലീസിനെ ബീച്ച് മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുതലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്.

കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ആരോഗ്യ മന്ത്രാലയവും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു

നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *