കൊവിഡ്; മലപ്പുറത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

Kerala Latest News

മലപ്പുറം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുപരിപാടികള്‍ ആള്‍ക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ജില്ലയിലെ ഫുട്‌ബോള്‍ ടര്‍ഫുകളും ജിംനേഷ്യവും അടച്ചിടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയില്‍ ആയിരത്തിനു മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. പലയിടത്തും 15 ശതമാനത്തിന് മുകളിലാണ് പോസ്റ്റിവിറ്റി നിരക്ക്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലേക്ക് നിയോഗിച്ച പ്രത്യേക ഓഫീസര്‍ എം ജി രാജമാണിക്യം ഐഎഎസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തി , തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് .

വിവാഹ മരണാനന്തര ചടങ്ങുകള്‍ മറ്റു പൊതു പരിപാടികള്‍ എന്നിവയില്‍ തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും അടച്ചിട്ട മുറികളില്‍ 75 പേര്‍ക്കും മാത്രമാണ് അനുമതി. ഇഫ്താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ആരാധനാലയങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. അതേസമയം ജില്ലയില്‍ പരിശോധനകള്‍ പരമാവധി നടത്തുന്നുണ്ടെന്നും വാക്സിനേഷന് നിലവില്‍ തടസ്സം നേരിട്ടിട്ടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *