ബഹുജന അടിത്തറ ഇളകിയെന്ന് സമ്മതിച്ച് സി പി എം; കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തീരുമാനം

Latest News

 

തിരുവനന്തപുരം: സമീപകാലത്ത് സി പി എമ്മിന്റെ ബഹുജന സ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ചിലയാളുകള്‍ പാര്‍ട്ടിവിട്ടു പോയി എന്നുള്ളത് സത്യമാണെന്നും.

പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പറഞ്ഞ കോടിയേരി സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെ ഈ മാറ്റങ്ങള്‍ക്ക് തയാറാകേണ്ടി വരുമെന്നും വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയാന്വിതരാകണമെന്നും ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടി സെക്രട്ടറി ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒരു പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകരുതെന്നും അക്രമ സംഭവങ്ങളില്‍ പെടരുതെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണം സിപിഎം മുഖ്യ വിഷയമാക്കുമെന്നും കോടിയേരി വ്യക്തമാക്കി. പരിസ്ഥിതി റിപ്പോര്‍ട്ടുകളില്‍ നിലവിലെ സാഹചര്യം മനസിലാക്കി പാര്‍ട്ടി നിലപാടെടുക്കും. കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കി കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്നാണ് പാര്‍ട്ടി നിലപാടെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ മാതൃകയിലാകണം. പാര്‍ട്ടി കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോഴും ഈ മാതൃകകള്‍ അവലംബിക്കും- സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ സിപിഎമ്മിന് യുഡിഎഫ് മാത്രമല്ല എതിരാളികള്‍ ബിജെപിയും മുഖ്യ എതിരാളികളാണ്.

ആര്‍എസ്എസ് ഇടപെടലുകള്‍ക്കെതിരെ കരുതല്‍ വേണം- കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് ചില തിരിച്ചടികള്‍ നേരിട്ടെന്നും സംസ്ഥാന സെക്രട്ടറി തുറന്ന് സമ്മതിച്ചു. വിഷയത്തില്‍ തെറ്റായ പ്രചരണങ്ങള്‍ ഏറെ നടന്നു. ഒരുവിഭാഗം വിശ്വാസികളെ സിപിഎമ്മിന് എതിരാക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞു. വിശ്വാസികളുടെ വോട്ട് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലും കോടിയേരി നിലപാട് വ്യക്തമാക്കി. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. അതേസമയം, സുപ്രീംകോടതി വിധിയെ മാനിക്കുക മാത്രമാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത്. ശബരിമലയില്‍ സ്ത്രീകളെത്തിയാല്‍ തടയില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും കോടയേരി ആവര്‍ത്തിച്ചു. സിപിഎം വിശ്വാസികള്‍ക്ക്എതിരല്ലെന്നു പറഞ്ഞ കോടിയേരി പാര്‍ട്ടി വിശ്വാസികള്‍ക്ക് എതിരാണെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് ദേവാലയങ്ങളില്‍ പോകാനോ ദൈവ വിശ്വാസത്തിനോ സാധിക്കില്ലെന്നുമൊക്കെയുള്ള കാര്യങ്ങള്‍ മാധ്യമള്‍ നടത്തുന്ന പ്രചരണങ്ങള്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടി. പാര്‍ട്ടി ഭരണഘടനയില്‍ ഒരിടത്തും ഇങ്ങനെ രേഖപ്പെടുത്തിയിട്ടില്ലെന്നും സെക്രട്ടറി വിശദീകരിച്ചു. പാര്‍ട്ടി അംഗങ്ങള്‍ക്ക് ദേവാലയങ്ങളില്‍ പോകാം, പള്ളി- അമ്പല കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കാം എന്നാല്‍ പാര്‍ട്ടിയിലെ ഏതെങ്കിലും പദവി വഹിക്കുകയും ദേവാലയ കമ്മിറ്റികളുടെ ഭാരവാഹിത്വം ഏറ്റെടുക്കുകയും ഒരുമിച്ച് ചെയ്യുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ സംഭവിക്കും. അങ്ങനയുള്ള സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ ശ്രദ്ധചെലുത്താനാകില്ല. അത് മാത്രമാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയിട്ടുള്ളത്- കോടിയേരി പറഞ്ഞു. ഒപ്പം, പാര്‍ട്ടി അംഗങ്ങള്‍ വിശ്വാസികള്‍ക്ക് തെറ്റിധാരണ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകരുതെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും കോടിയേരി നിര്‍ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *