തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാൻഡ് അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് സൂചന. അവസാനവട്ട ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് ഡൽഹിക്ക് തിരിക്കും. കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഒഴികെ ഒറ്റപ്പേരിലേക്ക് കെപിസിസി നേതൃത്വം എത്തിയെന്നാണ് സൂചന.
എന്നാൽ എ, ഐ ഗ്രൂപ്പുകൾക്ക് തീരുമാനത്തിൽ കടുത്ത അതൃപ്തിയുണ്ട്. പുതിയ ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ശേഷം ഗ്രൂപ്പുകൾ അതൃപ്തി പരസ്യമാക്കുമെന്നാണ് വിവരം. എ, ഐ ഗ്രൂപ്പുകളെ മറികടന്ന് സുധാകരനും വി.ഡി.സതീശനും തീരുമാനങ്ങളെടുക്കുന്നുവെന്നാണ് നേതാക്കളുടെ പരാതി. വി.എം.സുധീരൻ നേതൃത്വത്തിനെ പരസ്യമായി കഴിഞ്ഞ ദിവസം വിമർശിക്കുകയും ചെയ്തിരുന്നു.
കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിന്റെ അടുപ്പക്കാരനായ പി.രാജേന്ദ്രപ്രസാദിന്റെ പേരിനാണ് പ്രഥമ പരിഗണന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പാലക്കാട്ട് ഇടഞ്ഞുനിൽക്കുന്ന എ.വി.ഗോപിനാഥിനെ തലപ്പത്തേക്ക് കൊണ്ടുവരാൻ സുധാകരന് താത്പര്യമുണ്ടെങ്കിലും വി.കെ.ശ്രീകണ്ഠൻ എംപിക്ക് കടുത്ത എതിർപ്പുണ്ട്. അതിനിടെ കെ.സി.വേണുഗോപാലിന്റെ ഇഷ്ടക്കാരനായ കെ.ജി.തങ്കപ്പനും സാധ്യതാ പട്ടികയിൽ ഇടംപിടിച്ചു. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയ്ക്ക് താത്പര്യമുള്ള ബാബു പ്രസാദിന്റെ പേര് പരിഗണിക്കുന്നുവെങ്കിലും വേണുഗോപാൽ അംഗീകരിച്ചിട്ടില്ല.
മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം തേടാതെയാണ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയാറാക്കിയതെന്നും സുധാകരനും സതീശനും പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും എ, ഐ ഗ്രൂപ്പുകൾ നേരത്തെ തന്നെ ഹൈക്കമാൻഡിനു പരാതി നൽകിയിരുന്നു. തങ്ങളെ പരിഗണിക്കാത്തതിലുള്ള അതൃപ്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അറിയിക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ സമവായമുണ്ടാക്കാനും പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുമാണ് കെപിസിസി പ്രസിഡന്റിനു കോണ്ഗ്രസ് ഹൈക്കമാൻഡ് നേരത്തെ നിർദേശം നൽകിയിരുന്നത്.
നേരത്തെ തയാറാക്കിയ പട്ടികയിൽ ആവശ്യമായ വനിത പ്രാതിനിധ്യമില്ലാത്തതിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ പട്ടികയിലും വനിതകൾ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.