സ്വന്തം പ്രതിനിധി
കൊല്ലം: ചികിത്സാ പിഴവിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവവത്തില്‍ മനംനൊന്ത് കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കിടമത്സരം തുറന്നുപറഞ്ഞ് ഡോ. പ്രതാപ് കുമാര്‍. കൊല്ലം മെഡിട്രീന ഹോസ്പിറ്റല്‍ ഉടമയും പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ. എന്‍ പ്രതാപ് കുമാറാണ് സ്വന്തമായി ആശുപത്രി നടത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നല്ല ഡോക്ടര്‍മാരെ കൊല്ലത്തിന് വേണ്ട.
രാഷ്ട്രീയം, സമുദായം, സാമ്പത്തികം എന്നിവയുടെ പേരില്‍ വിദഗ്ദരായ ഡോക്ടര്‍മാരെ ഒറ്റപ്പെടുത്തുന്ന ആധുനിക സമൂഹത്തിന്റെ നിലപാടിനെയും ഡോക്ടര്‍ കുറ്റപ്പെടുത്തുന്നു. ഒപ്പം ഡോക്ടര്‍മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കിടമത്സരവും. കൊല്ലത്ത് ഒരു ആതുരാലയം പണിതുയര്‍ത്തിയാല്‍ എത്ര വേദനയാണ് അതിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്നത്. നീ അനുഭവിച്ച പ്രശ്നങ്ങളിലൂടെയാണ് ഞാനും കടന്നുപോകുന്നത്. എനിക്ക് മരണത്തെ ഭയമാണ്. എന്നാല്‍ നീ ധീരനാണെന്ന് ഒരിക്കലും താന്‍ പറയില്ലെന്നും ഡോ. പ്രതാപ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിക്കുന്നു.
ഡോ. പ്രതാപിന്റെ ഫെയ്സ്ബുക്ക് പേജിലെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ.
അനൂപ്….. നീ സമൂഹത്തിന്റെ മുമ്പില്‍ ഉത്തരം പറയാന്‍ പറ്റാത്ത ഒരു വലിയ ചോദ്യചിഹ്നമായിരിക്കുന്നു.
എട്ട് കൊല്ലത്തെ മെഡിക്കല്‍ വിദ്യാഭ്യാസം, പിന്നെ ഉന്നത ചികിത്സാ പരിശീലനം, വിവിധ ആശുപത്രികളില്‍ അസ്ഥിരോഗ ചികിത്സ.
പിന്നീട് ആശുപത്രി തുടങ്ങാന്‍ തീരുമാനിക്കുന്നു.
‘അവിടെയാണ് നിനക്ക് തെറ്റിയത് അനൂപ്’
നല്ല ഡോക്ടര്‍മാരെ നമ്മുടെ കൊല്ലത്തിനു വേണ്ട. അല്ലെങ്കില്‍ വളരെ വിദഗ്ധന്മാരായ ഡോക്ടര്‍മാരെ ഒറ്റപ്പെടുത്തുന്ന സമൂഹം. രാഷ്ട്രീയം, സമുദായം, സാമ്പത്തികം, ഇവയുടെ പേരില്‍ ഭീഷണി അല്ലെങ്കില്‍ ഭയപ്പെടുത്തല്‍. നിന്റെ
വിദഗ്ധ കരങ്ങള്‍ ഇവിടെ ആര്‍ക്കും വേണ്ട. നിന്റെ ദയയും ദാക്ഷിണ്യവും ആരും അര്‍ഹിക്കുന്നുമില്ല. നിന്റെ ഈ ദുഃഖത്തില്‍ നീ മാത്രമേ ഉണ്ടാകൂ അനൂപ്. നിന്റെ സുഹൃത്തുക്കള്‍ പോലും കാണില്ല. ഒരു ആശുപത്രി കൊല്ലത്തു ഉണ്ടാക്കിയാല്‍ എത്ര വേദനയാണ് ഇവര്‍ സമ്മാനിക്കുന്നത്.
ഒരു ഡോക്ടര്‍ നന്നാവുന്നത് നമ്മുടെ ഇടയിലെ ഡോക്ടര്‍മാര്‍ക്കും ഇഷ്ടമല്ല. എനിക്ക് മനസ്സിലാകും ഈ വേദന ഇതിലൂടെ ഞാനിന്നും കടന്നുപോകുന്നു. എനിക്ക് മരണത്തെ ഭയമാണ്. എന്നാല്‍ നീ ധീരനാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഇവിടുത്തുകാര്‍ക്ക് നിന്നെ ഇഷ്ടമായിരുന്നില്ലെങ്കില്‍ ഈ നാട് വിട്ടാല്‍ പോരായിരുന്നോ…?
എന്തിന് നീ ഈ ഭൂമി വിട്ടുപോയി. എന്തിന് നിന്റെ അമ്മയെ നീ അനാഥയാക്കി.
ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിന് ഒരിക്കലും മാപ്പില്ല
https://drprathapviews.blogspot.com