കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്

Kerala Latest News

തിരുവനന്തപുരം: തവനൂരില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ ഫിറോസിനെ മത്സരിപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമായത്. സ്ഥാനാര്‍ത്ഥിത്വത്തിന് നേരത്തെ സന്നദ്ധതയറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഫിറോസിനെ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെടുന്നത്.

തവനൂരില്‍ ഇത്തവണയും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജലീല്‍ ആണെന്ന് ഉറപ്പായതോടെയാണ് ഫിറോസിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനായി സ്‌ക്രീനിംഗ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് യു.ഡി.എഫ്. നീക്കം. വളരെ നേരത്തെ തന്നെ ജലീലിനെതിരെ മത്സരിക്കന്‍ തയ്യാറാണെന്ന് ഫിറോസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിറോസിനെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തില്‍ ജലീല്‍ വിജയിച്ച മണ്ഡലമാണ് തവനൂര്‍. 2011-ല്‍ 6,854 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ജലീല്‍ 2016-ല്‍ നേടിയത് 17,064 വോട്ടുകളുടെ ഭൂരിപക്ഷമണ്. 2011-ല്‍ ഇപ്പോഴത്തെ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശും 2016-ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്തിഖാറുദീനുമാണ് ജലീലിനോട് പരാജയപ്പെട്ടത്. അതിനാല്‍തന്നെ ഇത്തവണ മണ്ഡലം പിടിക്കാനുള്ള നീക്കങ്ങളിലാണ് കോണ്‍ഗ്രസ്.

Leave a Reply

Your email address will not be published. Required fields are marked *