ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഇന്ന് ലോക വനദിനം

International

പ്രീത് തോമസ്‌

കോട്ടയം: ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ഓരോ വനദിനവും.
ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് കാടുകള്‍. ഏകദേശം 160 കോടി ജനങ്ങള്‍ ഭക്ഷണം, താമസം, ഊര്‍ജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് ആശങ്കപ്പെടുത്തുന്നതാണ്. ഒരു വര്‍ഷം ശരാശരി ഒരു കോടി ഹെക്ടര്‍ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം 42 കോടി ഹെക്ടര്‍ വനം നഷ്ടപ്പെട്ടതായാണ് കണക്ക്. പൂര്‍ണമായും നഷ്ടപ്പെട്ടതോ നശിപ്പിക്കപ്പെട്ടതോ ആയ വന ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നത്തെക്കാളുമേറെ പ്രാധാന്യമര്‍ഹിക്കുന്നതായി മാറിയിരിക്കുന്ന ഈ അവസരത്തിലാണ് ഒരുവനദിനം കൂടി കടന്നുപോകുന്നത്.

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ ലോകം മുഴുവനും ഈ ദിനം ആചരിക്കുന്നു. വൃക്ഷത്തൈ നട്ടും മരങ്ങള്‍ പരിപാലിച്ചും സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിച്ചും വനസംരക്ഷണം ഉറപ്പുവരുത്തുന്നു. ജീവന്റെ നിലനില്‍പ്പിന് ആധാരമായ ശുദ്ധവായു, വെള്ളം, വനവിഭവങ്ങള്‍ എന്നിവ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൌരന്റേയും കടമയും ഉത്തരവാദിത്വവുമാണ് എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ വനദിനം.

Leave a Reply

Your email address will not be published. Required fields are marked *