കെ.എം.മാണി ഫൗണ്ടേഷന് അഞ്ചുകോടി അനുവദിച്ചതില്‍ അമര്‍ഷം പുകയുന്നു

Kerala

പ്രീത് തോമസ്‌

പാലാ: സംസ്ഥാന ബജറ്റില്‍ കെ.എം.മാണി ഫൗണ്ടേഷന് അഞ്ചുകോടി അനുവദിച്ചത് വിവാദത്തില്‍. സ്വകാര്യ ട്രസ്റ്റാണിതെന്നും ഇതിന് അഞ്ചുകോടി അനുവദിച്ചതിലൂടെ പാലാക്കാരെ അപമാനിക്കുകയാണെന്ന ആരോപണവുമായി മാണി.സി.കാപ്പന്‍ എം.എല്‍.എ രംഗതെത്തി. പാലാ മണ്ഡലത്തിലെ പദ്ധതികള്‍ക്ക് ആകെ എട്ടുകോടിരൂപ മാത്രം അനുവദിച്ചപ്പോഴാണ് ഫൗണ്ടേഷനുവേണ്ടി അഞ്ചുകോടി മാറ്റിവെച്ചിരിക്കുന്നതെന്നും അദേഹം കുറ്റപ്പെടുത്തി. കെ.എം.മാണിക്ക് പാലായില്‍ നിരവധി സ്മാരകങ്ങളുണ്ട്. ഒരാളെ ആദരിക്കുന്നതില്‍ തെറ്റില്ല. അതില്‍ പരാതിയുമില്ല. എന്നാല്‍ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം തകര്‍ന്നതുമൂലം ആ മേഖലയിലെ ജനങ്ങള്‍ മുഴുവന്‍ ഒന്നര വര്‍ഷമായി കടുത്ത ദുരിതത്തിലാണ്. ഇത് പരിഗണിക്കാത്തത് വേദനാജനകമാണ്. ഒരു ജനതയെ മുഴുവന്‍ അവഗണിച്ചു കൊണ്ട് സ്വകാര്യ ട്രസ്റ്റിന് വന്‍ തുക അനുവദിച്ചതു ശരിയാണോയെന്ന് ജനം വിലയിരുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. മുന്‍ ബജറ്റിലും കെ.എം.മാണി ഫൗണ്ടേഷന് അഞ്ച്‌കോടി അനുവദിച്ചിരുന്നു. എന്നാല്‍, കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല.
സംസ്ഥാന ബജറ്റ് പാലാക്കാരെ പൂര്‍ണ്ണമായും നിരാശപ്പെടുത്തിയെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു. പാലാ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ്, ഡയഗനോസിസ് സെന്റര്‍, ആശുപത്രിയുടെ പ്രധാന റോഡ് വികസനം എന്നിവ അടിയന്തിര പ്രാധാന്യമുള്ള വിഷയമായിട്ടും പരിഗണിക്കപ്പെട്ടില്ല. കടവുപുഴ പാലത്തിന്റെയും റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് തുക ലഭ്യമാക്കുന്ന കാര്യം മുഖ്യമന്ത്രി, മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധയില്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
പാലാ മണ്ഡലത്തില്‍ ഒരു ഫുഡ് പാര്‍ക്കും വിപുലമായ കോള്‍ഡ് സ്‌റ്റോറേജും അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ ഒന്നും പരിഗണിച്ചില്ല.
പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മാണം (50 ലക്ഷം), എലിക്കുളം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലെക്‌സ് നിര്‍മ്മാണം (1.5 കോടി), എലിവാലി കാവുംകണ്ടം റോഡില്‍ കലുങ്ക് സഹിതം 1.3 കിലോമീറ്റര്‍ ബി എം ബി സി (3 കോടി), പാലായില്‍ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് ആന്റ് സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ (മൂന്ന് കോടി) എന്നിങ്ങനെ മാത്രമേ തുക അനുവദിച്ചിട്ടുള്ളൂവെന്നും കാപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *