തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എ പി എല്‍, ബി പി എല്‍ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ അരിവിതരണം അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്ന് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് അഡ്വ. സുമേഷ് അച്യുതന്. തൊഴില്‍ മേഖലകളിലെ സ്തംഭനം പതിനായിരക്കണക്കിന് വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ദിവസങ്ങള്‍ക്കകം പട്ടിണിയിലേക്ക് തളളിവിടുന്ന അപകടകരമായ സ്ഥിതിവിശേഷം സര്‍ക്കാര്‍ തിരിച്ചറിയണം.
രാജ്യമൊട്ടാകെ പകര്‍ച്ചവ്യാധിയുടെ പിടിയിലമരുമ്പോള്‍ അവരുടെ സംസ്ഥാനത്തു പോയാലും പട്ടിണി തന്നെയാകും തൊഴിലാളികളെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ ക്രമസമാധാന നില തകരാതെ നിലകൊള്ളണമെങ്കില്‍ സംസ്ഥാനത്ത് താമസിക്കുന്ന എല്ലാവര്ക്കും ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കണം. സമത്വത്തിലൂടെ നമുക്ക് സമാധാനം സംരക്ഷിക്കാം. അതിഥി തൊഴിലാളികളും ഭാരതത്തിന്റെ മക്കളാണ് .അവരെ സഹോദരങ്ങളായി കാണണമെന്നും സുമേഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.