തിരുവനന്തപുരം: കൊവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചു. 5,600 കോടിയുടെ സഹായമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചത്.
രണ്ടു ലക്ഷമോ അതില്‍ താഴെയുള്ളതുമായ വായ്പകളുടെ പലിശയിലെ നാല് ശതമാനം ആറ് മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് ജുലൈ മുതല്‍ ഡിസംബര്‍ 31 വരെ വാടക ഒഴിവാക്കാനും തീരുമാനിച്ചു. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ വരെ കെട്ടിട നികുതി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കെഎഫ്സി വായ്പക്കാര്‍ക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം അനുവദിച്ചു. കെഎഫ്സിയിലെ വായ്പകളുടെ പലിശ നിരക്കും കുറച്ചു. ഉയര്‍ന്ന പലിശ നിരക്കായ 12 ശതമാനം 10.5 ശതമാനമായും 9.5 ശതമാനം പലിശ എട്ട് ശതമാനമായും കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനം വായ്പ അനുവദിക്കും.