ജിഎസ്എൽവി എഫ് ടെൻ വിക്ഷേപണം പരാജയം,

India Latest News

ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് ടെൻ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായത്. രണ്ട് തവണ മാറ്റിവച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജി.ഐ.സാറ്റ് (ഇഒഎസ്-03) വിക്ഷേപണം പരാജയമെന്ന് ഐഎസ്ആർഒ. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നെങ്കിലും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു.

വിക്ഷേപണം പൂർണ വിജയമല്ല. ചില തകരാറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.ഇന്ന് പുലർച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എൽ.വി – എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം.

ബഹിരാകാശത്ത് 36,​000 കിലോമീറ്റർ ഉയരെ നിലയുറപ്പിച്ച് അരമണിക്കൂറിലൊരിക്കൽ ഇന്ത്യയുടെ സമ്പൂർണ ചിത്രങ്ങൾ പകർത്തുന്ന അത്യാധുനിക ജിയോ ഇമേജിംഗ് ഉപഗ്രഹമാണ് ജി.ഐ.സാറ്റ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമാണിത്. അമേരിക്ക,​ ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇത്തരം ഉപഗ്രഹങ്ങളുണ്ട്.

ഭൂസ്ഥിര ഭ്രമണപഥത്തിൽ രാജ്യത്തിന്റെ അതിർത്തിയും കരയും കടലും നിരന്തരം നിരീക്ഷിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണിത്. രണ്ടാമത്തെ ഉപഗ്രഹം ജി. ഐ. സാറ്റ് -2 ( ഇ. ഒ. എസ് 5)​ അടുത്ത വർഷം ജി.എസ്. എൽ.വി.എഫ് 12 റോക്കറ്റിൽ വിക്ഷേപിക്കാനുള്ള പദ്ധതിയിലായിരുന്നു ഐഎസ്ആർഒ.

കൊവിഡ് അയഞ്ഞതോടെ ബഹിരാകാശ ദൗത്യങ്ങൾ പുനരാരംഭിക്കുന്ന ഐ. എസ്. ആർ. ഒ ഈ വർഷം ഇന്ത്യയ്‌ക്കായി നടത്തിയ ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. ഫെബ്രുവരി 28ന് പി.എസ്. എൽ.വി റോക്കറ്റിൽ ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹവും മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വാണിജ്യവിക്ഷേപണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *