തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെയാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.