കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ 10 നാണ് അണക്കെട്ട് തുറക്കുക. 50 ഘനയടി വെള്ളമാണ് ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുകയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2382.88 അടിയാണ്. 2383.54 ആണ് അണക്കെട്ടിന്റെ അപ്പര്‍ റൂള്‍ കര്‍വ്. വൃഷ്ടി പ്രദേശങ്ങളില്‍ ഇടവിട്ട് മഴ തുടരുന്നതിനാലും ശക്തമായ നീരൊഴുക്കും മൂലം ജലനിരപ്പ് റൂള്‍കര്‍വ് പരിധിയിലെത്തുമെന്നാണ് വിലയിരുത്തല്‍.അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2408.50 അടിയാണ്. അണക്കെട്ട് തുറക്കുന്നത് കണക്കിലെടുത്ത് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടുന്നതില്‍ ആലുവ പെരിയാറിലെ ജലനിരപ്പ് കൂടി കണക്കിലെടുത്തു മാത്രമാകും തീരുമാനമെടുക്കുക.