ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: കാലത്തൊനൊത്ത് കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വരുത്തി മതേതര പ്രതിഛായ സൃഷ്ടിച്ച് മുന്നേറ്റം നടത്താന്‍ മുസ്ലിം ലീഗ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പാര്‍ട്ടി ഭരണഘടനയില്‍ വന്‍ പൊളിച്ചെഴുത്തിന് മുസ്ലിം ലീഗ് ആലോചിക്കുന്നത്. പുതിയ രാഷ്ട്രീയ
മുന്നേറ്റത്തിന് ബഹുജനങ്ങളുടെ പിന്തുണ ഉറപ്പാക്കണം. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരാന്‍ ദളിത്, പിന്നാക്ക ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണം. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിനൊപ്പം പതാകയുടെ നിറവും രൂപവും മാറ്റാനും ആലോചനയുണ്ട്. മുസ്ലിം ലീഗ് എന്ന പേരിനൊപ്പം ചില കൂട്ടിച്ചേര്‍ക്കലുകളും ഭാവിയിലേക്ക് ലീഗ് ഉന്നംവെക്കുന്നു. പാര്‍ട്ടി ഭരണഘടനയും കൊടിയും മാറ്റുമ്പോഴുണ്ടായേക്കാവുന്ന നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രമുഖ നിയവിദഗ്ദരുടെ അഭിപ്രായവും ഇതിനകം ലീഗ് നേതൃത്വം ശേഖരിച്ചുകഴിഞ്ഞു. മുസ്ലിം ഇതരമത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് നിലവില്‍ പാര്‍ട്ടി അനുഭാവികളായി ലീഗിനൊപ്പമുള്ളത്.
ദേശീയതലത്തില്‍ ലീഗിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി ദേശീയ പാര്‍ട്ടി എന്ന പദവിയിലേക്ക് മുസ്ലിം ലീഗിനെ സജ്ജമാക്കുക എന്ന ലക്ഷ്യവും പുതിയ രാഷ്ട്രീയ നീക്കത്തിന് പിന്നിലുണ്ട്. മുസ്ലിം മതവിഭാഗങ്ങളുടെ മാത്രം പിന്തുണ സമാഹരിച്ച് മുന്നോട്ടുപോകുന്നത് തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനം എന്ന മുദ്രകുത്തി ലീഗിനെ ഒറ്റപ്പെടുത്താന്‍ ബി ജെ പിയും സംഘപരിവാര്‍ സംഘടനകള്‍ക്കും അനുകൂലസാഹചര്യം സൃഷ്ടിച്ചേക്കുമെന്ന കണ്ടെത്തല്‍ പ്രതിരോധിക്കുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് കരുത്തുപകരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണായ സ്വാധീനം ലഭിച്ചേക്കാവുന്ന 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപവത്കരണം അടക്കമുള്ള കാര്യങ്ങളില്‍ ലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുക എന്ന രാഷ്ട്രീയ അടവുനയവും പുതിയ ആലോചയ്ക്ക് പിന്നിലുണ്ട്.
രാജ്യത്ത് വിഘടിച്ച് നില്‍ക്കുന്ന 14.2 ശതമാനം വരുന്ന മുസ്ലിം സമുദായാംഗങ്ങളുടെ പിന്തുണ സമാഹരിക്കുന്നതിനൊപ്പം ദളിത് പിന്നാക്ക ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചാല്‍ രാജ്യത്ത് വന്‍ ശക്തിയായി മുസ്ലിം ലീഗിന് മാറുവാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിം ജനവിഭാഗങ്ങളുടെ പിന്തുണയോടെ ചെറുപാര്‍ട്ടികളായി പ്രവര്‍ത്തിച്ചുവരുന്ന കക്ഷികളുടെ നേതാക്കളുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. സംഘപരിവാര്‍ ശക്തികളുടെ വളര്‍ച്ച പ്രതിരോധിക്കാന്‍ മുസ്ലിം സമുദായം രാജ്യത്ത് ഒന്നിച്ച് നില്‍ക്കണമെന്ന പൊതുവികാരമാണ് ചെറുപാര്‍ട്ടികളുടെ നേതാക്കള്‍ ഏക സ്വരത്തില്‍ ആവശ്യപ്പെടുന്നത്.
ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുക എന്ന നിര്‍ണാകയ റോളിലേക്കാണ് മുസ്ലിം ലീഗ് ചുവടുവെക്കുന്നത്. മുസ്ലിം വോട്ടര്‍മാരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചുവരുന്ന ചെറുപാര്‍ട്ടികളുടെ കൂട്ടായ്മക്ക് രൂപം നല്‍കുക, ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ നിരയ്‌ക്കൊപ്പം അണിചേരുക, ദളിത്, പിന്നാക്ക വിഭാഗങ്ങളെ പുതിയ കൂട്ടായ്മയ്‌ലേക്ക് ആകര്‍ഷിക്കുക എന്നി പ്രവര്‍ത്തനപരിപാടികളുമായി മുന്നോട്ടുപോകാനാണ് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്.