ഗത്യന്തരമില്ലാതെ മുല്ലപ്പള്ളി സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി; പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ അശോക് ചാവാന്‍ ഓണ്‍ലൈനിലൂടെ അഭിപ്രായ സര്‍വ്വേ തുടങ്ങി

Latest News

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: കേരളത്തില്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ കെ പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. എന്നാല്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതു വരെ തല്‍സ്ഥാനത്ത് തുടരാനാണ് സോണിയാ ഗാന്ധി മുല്ലപ്പള്ളിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും അഭിപ്രായം തേടി സംസ്ഥാനത്ത് എത്താനിരുന്ന അശോക് ചവാന്റെ നേതൃത്വത്തിലുള്ള കമ്മറ്റി കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേരള സന്ദര്‍ശനം ഉപേക്ഷിച്ചു. പകരം കേരളത്തിലെ ഡി സി സി തലം മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ ഭാരവാഹികളുടെയും അഭിപ്രായം ഓണ്‍ലൈനിലൂടെ തേടാനാണ് നിശ്ചയിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിലെ ഡി സി സി പ്രസിഡന്റുമാര്‍, കെ പി സി സി ഭാരവാഹികള്‍ എന്നിവര്‍ക്ക് അശോക് ചവാനുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്കുള്ള ലിങ്ക് ലഭിച്ചുകഴിഞ്ഞു. നാലുദിവസം കൊണ്ട് എം എല്‍ എമാര്‍, എം പിമാര്‍, വിവിധ പോക്ഷക സംഘടനാ അധ്യക്ഷന്മാര്‍, മുന്‍ കെ പി സി സി അധ്യക്ഷന്മാര്‍ എന്നിവരുടെ അഭിപ്രായവും അശോക് ചവാന്‍ കമ്മറ്റി തേടും. തുടര്‍ന്ന് കേരളത്തിലെ മുന്‍നിര നേതാക്കളുടെ യോഗം വിളിച്ച് പുതിയ കെ പി സി സി അധ്യക്ഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളാനാണ് തിരിക്കിട്ട തീരുമാനം. ഫൈനല്‍ റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് കൈമാറി സംസ്ഥാനത്ത് കെ പി സി സി പ്രസിഡന്റിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ അവസരത്തില്‍ തന്നെ യു ഡി എഫ് കണ്‍വീനറെയും പുതുതായി തിരഞ്ഞെടുക്കുമെന്നാണ് വിവരം.

കേരളത്തില്‍ തദ്ദേശസ്വയം ഭരണ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ പ്രതീക്ഷ നഷ്ടമായ പാര്‍ട്ടി കീഴ്ഘടകങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കെ സുധാകരന്‍ പ്രസിഡന്റായി എത്തണമെന്ന പൊതുവികാരമാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. എന്നാല്‍ വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുന്ന കാര്യത്തില്‍ ഗ്രൂപ്പുകളുടെ അഭിപ്രായം അവഗണിച്ച ഹൈക്കമാന്‍ഡ് തീരുമാനം പുതിയ കെ പി സി സി അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ ഉണ്ടാകാന്‍ പാടില്ലെന്ന ഉറച്ച വാശിയിലാണ് ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല വിഭാഗങ്ങള്‍.

കേരളത്തില്‍ പാര്‍ട്ടിയുടെ കടിഞ്ഞാന്‍ പൂര്‍ണ്ണമായും ഹൈക്കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാകുന്നത് ഗ്രൂപ്പുകളുടെ പ്രസക്തി ഇല്ലാതാക്കുമെന്ന് എ – ഐ വിഭാഗങ്ങള്‍ ആശങ്കപ്പെടുന്നു. എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസും യു ഡി എഫും രക്ഷപെടണമെങ്കില്‍ ഗ്രൂപ്പ് പരിഗണന ഇല്ലാതെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന നേതാക്കള്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും തലപ്പത്ത് എത്തണമെന്നാണ് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളും ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *