അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു; ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്ന് ജോസ്. കെ. മാണി

Kerala Latest News

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മുമായിയുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്ന് ജോസ്. കെ. മാണി. അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നത്. വീണ്ടും ചര്‍ച്ച തുടരുമെന്നും എന്നാല്‍ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരില്‍ റവന്യൂ, കൃഷി വകുപ്പുകള്‍ ലഭിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം പ്രതീക്ഷ. അഞ്ച് എംല്‍എമാരുള്ള പാര്‍ട്ടിക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്നും ആവശ്യപ്പെടുന്നു. രണ്ടു മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണയായി.
ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പിള്ളി എംഎല്‍എ എന്‍. ജയരാജ് എന്നിവര്‍ക്കു വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളൂവെങ്കില്‍ റോഷി അഗസ്റ്റിനായിക്കും മന്ത്രി.

അതേസമയം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും എന്ന നിര്‍ദേശം വന്നാലും കേരള കോണ്‍ഗ്രസ് സ്വീകരിക്കും. അങ്ങനെയങ്കില്‍ റോഷി മന്ത്രിയും എന്‍. ജയരാജ് കാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദിവിയിലും എത്തും. റവന്യൂ, കൃഷി വകുപ്പുകളാണ് കേരള കോണ്‍ഗ്രസിന്റെ മനസ്സിലുള്ളത്. ഇവ കിട്ടിയില്ലെങ്കില്‍ പൊതുമരാമത്തിനു വേണ്ടിയും ശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *