കോട്ടയം: കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗത്തിന് 10 സീറ്റ് നല്‍കി യുഡിഎഫിലെ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് പി.ജെ.ജോസഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് വിഭാഗത്തിന് നല്‍കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ തൃക്കരിപ്പൂര്‍ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. തൃക്കരിപ്പൂറിന് പുറമേ ഇടുക്കി, തൊടുപുഴ, കോതമംഗലം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സര രംഗത്തുണ്ടാകുക.
മൂവാറ്റുപുഴ സീറ്റിനായി ജോസഫ് വിഭാഗം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് നല്‍കി പൂഞ്ഞാര്‍ വാങ്ങാന്‍ ജോസഫ് വിഭാഗം സന്നദ്ധത അറിയിച്ചെങ്കിലും കോണ്‍ഗ്രസ് തയാറായില്ല. ഇടുക്കി നല്‍കി ഉടുമ്പന്‍ചോല വാങ്ങാനുള്ള ശ്രമവും വിജയിച്ചില്ല.
പി.ജെ.ജോസഫ് തൊടുപുഴയിലും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഏറ്റുമാനൂര്‍ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ തര്‍ക്കം തുടരുകയാണ്. പ്രിന്‍സ് ലൂക്കോസിനാണ് പ്രഥമ പരിഗണനയെങ്കിലും സ്ഥാനാര്‍ഥിത്വം ലഭിച്ചേ തീരൂ എന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.