ലോക്കര്‍ സൗകര്യമില്ലാത്ത നൂറുകണക്കിന് ധനകാര്യസ്ഥാപനങ്ങള്‍; സ്വര്‍ണ്ണപണയം സൂക്ഷിക്കുന്നത് ബാങ്ക് ലോക്കറുകളില്‍; കുറ്റക്കാര്‍ക്ക് രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശ

Latest News

 

ആര്‍ അജിരാജകുമാര്‍

കൊച്ചി: 2500 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് നടത്തിപ്പുകാര്‍ സ്വര്‍ണ്ണപണയമായി സ്വീകരിച്ച നാട്ടുകാരുടെ കോടികളുടെ സ്വര്‍ണ്ണം ഉപഭോക്താക്കളുടെ അനുമതിയില്ലാതെ വിവിധ ദേശസാത്കൃത ബാങ്കുകളില്‍ പണയംവെച്ച് തട്ടിയെടുത്തത് കോടികളാണ്. സംസ്ഥാനത്തും രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഓഫീസുകളില്‍ പണയമായി സ്വീകരിച്ച സ്വര്‍ണ്ണം മുഴുവന്‍ വിവിധ ബാങ്കുകളിലാണിന്ന്. ഇതുകാരണം പോപ്പുലര്‍ ഗ്രൂപ്പിന്റെ തകര്‍ച്ച വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞ് പണയസ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എത്തിയ ഉപഭോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തങ്ങളുടെ പണയ ഉരുപ്പടികള്‍ തിരികെ കിട്ടണമെങ്കില്‍ ഇനിയും ഏറെ കടമ്പകള്‍ കടക്കണം. സമാനമായ അവസ്ഥയില്‍ സ്വന്തമായൊരു ലോക്കര്‍ സൗകര്യം പോലുമില്ലാതെ നൂറുകണക്കിന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് കേരളത്തില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യ ധനകാര്യ സ്ഥാപത്തിന് സമീപമുള്ള ബാങ്കിലാണ് ഇവരുടെ പണയ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നത്. ബാങ്കുകളില്‍ വാര്‍ഷിക പലിശയായി 7.25 മുതലുള്ള നിരക്കുകള്‍ ഈടാക്കുമ്പോള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കസ്റ്റമറുടെ പക്കല്‍ നിന്നും വാങ്ങുന്നത് പ്രതിവര്‍ഷം 24 മുതല്‍ 48 വരെയുള്ള പലിശ നിരക്കുകള്‍. 1958 ലെ കേരള മണി ലെന്‍ഡേഴ്‌സ് ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം നടത്തുന്ന പണമിടപാട് സ്ഥാപനങ്ങളുടെ ഈ പകല്‍ക്കൊള്ളയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. മണി ലെന്‍ഡേഴ്‌സ് ആക്ടിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ നിക്ഷേപം സ്വീകരിക്കാന്‍ വ്യവസ്ഥ ഇല്ലെങ്കിലും നിരവധി സ്ഥാപനങ്ങള്‍ വന്‍തുക പ്രതിമാസ പലിശ വാഗ്ദാനം നല്‍കി കോടികളാണ് നിക്ഷേപമായി പിരിച്ചെടുക്കുന്നത്. നിധി ലൈസന്‍സിന്റെ മറവിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ വ്യാപകമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചശേഷം വിവിധ കടലാസ് കമ്പിനികള്‍ ഉണ്ടാക്കി പണം വകമാറ്റുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഗുരുതരമായ ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യാനോ ധനകാര്യ സ്ഥാപനങ്ങളുടെ വഴിവിട്ട ഇടപാടുകള്‍ നിയന്ത്രിക്കാനോ നമ്മുടെ ഭരണസംവിധാനങ്ങള്‍ക്ക് മെനക്കിടാറില്ലെന്നതാണ് ഏറെ വിചിത്രം.

വായ്പകള്‍ക്ക് അമിത പലിശ ഈടാക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ടാല്‍ അമിത പലിശ കണ്ടുകെട്ടാനും സ്ഥാപനത്തിനെതിരെ പിഴ ചുമത്താനും 1958 ലെ കേരള മണി ലെന്‍ഡേഴ്‌സ് ആക്ടില്‍ വ്യവസ്ഥയുണ്ട്. തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വായ്പ എടുത്തയാളെ ഭീഷണിപ്പെടുത്തിയാല്‍ പോലീസിന് ധനകാര്യ സ്ഥാപനത്തിന്റെ മേധാവിയെ അറസ്റ്റ് ചെയ്യാനും നിയമം അനുശാസിക്കുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കും ഭരണവര്‍ഗ്ഗത്തിനും പോലീസിനും കൃത്യമായി പിരിവുകള്‍ നല്‍കുന്നതിനാല്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നടത്തിവരുന്ന പീഢനങ്ങള്‍ ചോദിക്കാന്‍ ആരും തയ്യാറാകുന്നില്ല. അപ്രതീക്ഷിതമായി കോവിഡ് 19 എത്തിയതോടെ കൂനിന്മേല്‍ കുരുവായി കേരളത്തിലെ സ്വകാര്യ ധനകാര്യ നടത്തിപ്പുകാരുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരിക്കുന്നു.

12 ശതമാനം മുതല്‍ 18 ശതമാനം വരെ വാര്‍ഷിക പലിശ നല്‍കാമെന്ന ഉറപ്പിലാണ് നിക്ഷേപകരുടെ പണം ഇവര്‍ സ്വീകരിക്കുന്നത്. ഈ തുക സ്വര്‍ണ്ണപണയത്തില്‍ നിക്ഷേപിച്ചാല്‍ പോലും മാസപ്പലിശ നിക്ഷേപകര്‍ക്ക് മടക്കിനല്‍കാന്‍ സാധിക്കില്ലെന്നാണ് ധനകാര്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ ലാഭം ലഭിക്കുന്നതിനായി വിവിധ പ്രോജക്ടുകളിലേക്ക് ധനകാര്യ സ്ഥാപന മേധാവികള്‍ കോടികള്‍ വകമാറ്റി ചെലവഴിക്കുന്നതോടെ കാര്യങ്ങള്‍ എല്ലാ തകിടം മറിയും. പ്രതീക്ഷിച്ച ലാഭം മുതല്‍ മുടക്കിയ പ്രോജക്ടുകളില്‍ കിട്ടാതാവുന്നതോടെ നിക്ഷേപകരുടെ മാസപ്പലിശ മുടങ്ങുന്ന സ്ഥിതിയിലാവും കാര്യങ്ങള്‍. പ്രതിസന്ധി നേരിടുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയിരുന്നു. പല സ്ഥാപനങ്ങളിലും പണം മടക്കി നല്‍കാന്‍ നിക്ഷേപകരോട് സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണ്ണപണയത്തിന് നല്‍കാന്‍ പോലും പണമില്ലാത്ത കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഇവര്‍ നേരിടുന്നത്. 2021 മാര്‍ച്ച് 31 വരെ സ്വര്‍ണ്ണവിലയുടെ 90 ശതമാനം തുക വായ്പയായി നല്‍കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതോടെ, സ്വകാര്യസ്ഥാപനങ്ങള്‍ മാസപ്പലിശ ഈടാക്കി നല്‍കിയിരുന്ന പണത്തെക്കാള്‍ കൂടുതല്‍ തുക ബാങ്കുകള്‍ സ്വര്‍ണ്ണപണയ വായ്പ നല്‍കുന്നുണ്ട്. വാര്‍ഷിക പലിശ ഈടാക്കി ബാങ്കുകള്‍ സ്വര്‍ണ്ണ വായ്പ ആരംഭിച്ചതോടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം കൂടുതല്‍ അനിശ്ചിതാവസ്ഥയിലാകുന്ന സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *