കെ സി റോസക്കുട്ടി വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍; 7 ന് സ്ഥാനമേല്‍ക്കും

Latest News

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഇടതുമുന്നണിയിലെത്തിയ കെ സി റോസക്കുട്ടി ടീച്ചര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ പദവിയിലേക്ക്. വയനാട്ടില്‍ നിന്നുള്ള എ ഐ സി സി അംഗവും കെ പി സി സി വൈസ് പ്രസിഡന്റുമായിരുന്ന കെ.സി റോസക്കുട്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷയായുള്ള ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസങ്ങള്‍ക്കുള്ളിലുണ്ടാകും. കോര്‍പ്പറേഷന്‍ അധ്യക്ഷ പദവിയില്‍ ഈമാസം ഏഴിന്‌ ഔദ്യോഗികമായി ചുമതല ഏല്‍ക്കാനാണ് സി പി എം നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എം എല്‍ എയുമാണ് റോസക്കുട്ടി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും പാര്‍ട്ടി പുനസംഘടനയില്‍ അര്‍ഹമായ സ്ഥാനം കിട്ടാതെ വന്നതോടെ ഒരു ഡസനോളം മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കെ പി സി സി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി അനില്‍കുമാറിന്റെ അപ്രതീക്ഷിത കുടമാറ്റം കോണ്‍ഗ്രസ് ക്യാമ്പിനെ ഒന്നാകെ അമ്പരിപ്പിച്ചിരുന്നു. സി പി എമ്മിലെത്തിയ അനില്‍കുമാറിനെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ (സി ഐ ടി യു) കോഴിക്കോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനവും അനില്‍കുമാറിന് വൈകാതെ സി പി എം നല്‍കി. പുതിയ ഡി സി സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച ഘട്ടത്തില്‍ എഐസിസിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ പരസ്യ വിമര്‍ശനം നടത്തിയതിനു സസ്‌പെന്‍ഷനിലായതിനു പിന്നാലെയാണ് കെ പി സി സി സംഘടനാ ചുമതല ഉണ്ടായിരുന്ന അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. മുന്‍ കെ പി സി സി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് സി പി എമ്മില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെയാണ് അനില്‍കുമാറും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നത്.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജിവെച്ച് എന്‍ സി പിയിലെത്തിയ ലതികാ സുഭാഷിന് വനംവികസന കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം മുന്നണി നേതൃത്വം നല്‍കി. അതേസമയം, കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ നേതാക്കള്‍ക്ക് തല്‍ക്കാലം പാര്‍ട്ടി അംഗത്വം നല്‍കില്ല. ഇവര്‍ കുറച്ചുകാലം പാര്‍ട്ടി സംഘടന ചട്ടക്കൂടിന്റെ നിരീക്ഷണത്തിലായിരിക്കും. പാര്‍ട്ടി അംഗത്വം ഇവര്‍ക്ക് നേരിട്ട് നല്‍കാന്‍ പാര്‍ട്ടി ഭരണഘടന പ്രകാരം സാധ്യമല്ല. അതിന് കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി വേണം. അതുകൊണ്ട് പാര്‍ട്ടി അംഗത്വം ലഭിക്കാന്‍ കുറച്ചുകാലം ഇവര്‍ കാത്തിരിക്കേണ്ടിവരും. അതേസമയം, കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സി പി എമ്മിലും വിവിധ പാര്‍ട്ടികളിലുമെത്തുന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളില്‍ നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശമാണ് ഇവര്‍ക്ക് അനുകൂലമായത്.

മുമ്പ് കോണ്‍ഗ്രസ് വിട്ട് സി പി എമ്മുമായി അടുപ്പം സ്ഥാപിച്ച കോണ്‍ഗ്രസ് നേതാവ് ഫിലിപ്പോസ് തോമസിന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ എസ് എഫ് ഇ ചെയര്‍മാര്‍ സ്ഥാനം നല്‍കിയിരുന്നു. കോര്‍പ്പറേഷന്‍ പദവിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫിലിപ്പോസ് തോമസ് കഴിഞ്ഞിടെ സി പി എമ്മില്‍ അംഗത്വം സ്വീകരിക്കുകയും പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ ഏരിയ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് എത്തുകയും ചെയ്തു. ഒപ്പം വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡ്രസ്ട്രിയല്‍ എന്റര്‍പ്രൈസസ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനവും നല്‍കി. കോണ്‍ഗ്രസുമായി തെറ്റിപിരിഞ്ഞ മുന്‍ എം എല്‍ എ ശോഭന ജോര്‍ജിന് തുടക്കത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ശോഭനാ ജോര്‍ജിനെ തേടി വന്നത് ഔഷധി ചെയര്‍പേഴ്‌സണ്‍ പദവിയാണ്.

Leave a Reply

Your email address will not be published. Required fields are marked *