കീവ് വളഞ്ഞു, ഉക്രെയിനിനെ തകര്‍ത്ത് റഷ്യയന്‍ പടനീക്കം രണ്ടാം ദിവസവും തുടരുന്നു, ആരും സഹായിക്കുന്നില്ലെന്ന് ഉക്രെയിന്‍

International Latest News

കീവ്: ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് റഷ്യ തുടങ്ങിയ യുദ്ധത്തില്‍ ഉക്രെയിന്‍ തകര്‍ന്നടിയുന്നു. 203 ആക്രമണങ്ങള്‍ ആദ്യ ദിനത്തിലുണ്ടായെന്നാണ് ഉക്രെയിന്‍ പുറത്തുവിടുന്ന കണക്ക്. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. ഒറ്റദിവസത്തെ മരണം ഇരുന്നൂറിലേക്ക് അടുക്കുകയാണ്.

യുദ്ധമര്യാദകളെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് രാത്രിയിലും കീവ് അടക്കമുള്ള ഉക്രെയിന്‍ നഗരങ്ങള്‍ ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായി. ജനങ്ങള്‍ ബങ്കറുകളിലേക്കു മാറുകയാണ്. തലസ്ഥാന നഗരമായ കീവില്‍ ഉള്‍പ്പെടെ പാലായനത്തിന്റെ കാഴ്ചകളാണ്. നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ചു കൂട്ടാനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്. പണം പിന്‍വലിക്കാന്‍ എ.ടി.എമ്മുകളിലും നീണ്ടനിരയാണ്. സൈനീക നീക്കത്തിന്റെ ആദ്യദിനം വിജയകരമാണെന്നു റഷ്യയുടെ പ്രതികരണവും പുറത്തുവന്നു.

വടക്കു കിഴക്കുനിന്നു റഷ്യ ബെലാറൂസ് അതിര്‍ത്തിയിലൂടെ ആയിരക്കണക്കിനു റഷ്യന്‍ സൈനികര്‍ പ്രവേശിച്ചതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറു കരിങ്കടലില്‍നിന്നും തെക്കു കിഴക്ക് അസോവ് കടലില്‍നിന്നും തീരമേഖലയിലും റഷ്യന്‍ സൈന്യമിറങ്ങി. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഹര്‍കീവ്, ഖേഴ്‌സന്‍, ഒഡേസ എന്നിവിടങ്ങളില്‍ രൂക്ഷമായ പോരാട്ടമാണ്. കീവില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചു. ക്രൈമിയയ്ക്കു സമീപമുള്ള ഖേഴ്‌സന്‍ മേഖലയും റഷ്യ പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍നിന്നു റഷ്യന്‍ പിന്തുണയുള്ള വിമതരും ഷെല്ലാക്രമണം കടുപ്പിച്ചു.

റഷ്യന്‍ ആക്രമണത്തെ നേരിടാന്‍ ഉക്രെയിനിനെ സഹായിക്കാന്‍ നാറ്റോ അംഗരാജ്യങ്ങളോ മറ്റു രാജ്യങ്ങളോ മുന്നോട്ടു വന്നിട്ടില്ല. നാറ്റോ അംഗത്വമുള്ള 26 രാജ്യങ്ങളെ സമീപിച്ചിട്ടും അനുകുല നിലപാടുണ്ടെകാത്ത നിലയിലാണ് ഉക്രെയിന്‍. റഷ്യയെ ഒറ്റയ്ക്കു നേരിടേണ്ട ഗതികേടിലാണ് തങ്ങളെന്നു ഉക്രെയിന്‍ പറയുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഗൗനിക്കാതെ റഷ്യ മുന്നോട്ടു പോവുകയും ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *