തിരുവനന്തപുരം: കെ പി സി സി ഭാരവാഹികളുടെ ജംബോ പട്ടികയ്‌ക്കെതിരെ വിവിധ ജില്ലകളില്‍ കടുത്ത പ്രതിഷേധം. എ ഐ ഗ്രൂപ്പുകള്‍ വീതം വെച്ച പട്ടികയില്‍ കെ സി വേണുഗോപാലിന്റെയും മുല്ലപ്പള്ളിയുടെയും അടുപ്പക്കാരും ഇടംപിടിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കെ പി സി സി സെക്രട്ടറിമാരെ നിശ്ചയിച്ചപ്പോള്‍ സഹോരങ്ങളായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും, എന്‍ ഷൈലാജും സ്ഥാനം പിടിച്ചു. എ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ സതീഷ് പട്ടികയില്‍ കയറിക്കൂടിയപ്പോള്‍ കെ സുധാകരന്റെ നോമിനിയായിട്ടാണ് ഷൈലാജ് കെ പി സി സി സെക്രട്ടറിയായത്.
പത്തനംതിട്ട ജില്ലയിലെ നിരവധി തലമുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി സഹോദരങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വന്‍ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. നിലവില്‍ രണ്ടുപേരും ഡി സി സി ഭാരവാഹികളായിരുന്നു. സമാനമായ രീതിയില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും നേതാക്കളുമായുള്ള സൗഹൃദം മറയാക്കി കെ പി സി സി പട്ടികയില്‍ കയറിപ്പറ്റിയവര്‍ക്കെതിരെ കടുത്ത അമര്‍ഷമാണ് പുകയുന്നത്.
തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ഇഷ്ടക്കാരെ കുത്തിനിറച്ചുള്ള ഭാരവാഹി പട്ടികയ്‌ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടുന്ന പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സംസ്ഥാന നേതൃത്വം വലിയ വിയര്‍പ്പ് ഒഴുക്കേണ്ടിവരും.