അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കാന്‍ കുമ്മനം; കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശോഭാ സുരേന്ദ്രന്‍

Latest News

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിനും നടത്തിപ്പിനുമായി സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപവത്കരിക്കുന്ന ട്രസ്റ്റില്‍ മുന്‍ മിസോറാം ഗവര്‍ണറും മലയാളിയും ബി ജെ പിയുടെ തലമുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ബി ജെ പി നേതാക്കളുടെ ഗ്രൂപ്പ് വൈര്യത്തില്‍ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന നേതൃത്വം ദേശീയ സമിതി അംഗം കൂടിയായ ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയുടെ കടിഞ്ഞാന്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം സൂചന നല്‍കി.

കുമ്മനം രാജശേഖരന്റെ നിയമനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി. എട്ട് അംഗങ്ങളുള്ള ട്രസ്റ്റാകും നിലവില്‍ വരികയെന്നാണ് സൂചന. ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റാണു കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 4 വീതം പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ്  ട്രസ്റ്റ്.  പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എല്‍.കെ.അഡ്വാനി തുടങ്ങിയവര്‍ ട്രസ്റ്റ് ബോര്‍ഡില്‍ നിലവില്‍ അംഗങ്ങളാണ്. അയോധ്യയിലെ തര്‍ക്കഭൂമിയുടെ കാര്യങ്ങള്‍ക്കായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയുടെ പ്രാതിനിധ്യം വേണമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍, ബാക്കിയുള്ളവരെ കേന്ദ്രത്തിനു തീരുമാനിക്കാം. സ്വാഭാവികമായും, രാമജന്മഭൂമി ന്യാസിന്റെ പ്രാതിനിധ്യം പ്രതീക്ഷിക്കാം.

അയോധ്യക്കേസിലെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന് വിട്ടുനല്‍കാനാണ് സുപ്രീംകോടതി വിധിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി തെറ്റെന്ന് വിധിച്ച സുപ്രീംകോടതി, അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിടുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രം പണിയേണ്ടത്. മുസ്ലീംങ്ങള്‍ക്ക് അയോധ്യയില്‍ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന. അടുത്ത മകര സംക്രാന്തി ദിനത്തിലായിരിക്കും നിര്‍മാണം ആരംഭിക്കുക. ശിലാസ്ഥാപന കര്‍മങ്ങളും നടക്കും. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ മുമ്പ് ശിലാസ്ഥാപനം നടത്തിയിരുന്നു.

ബാലസദനങ്ങളുടെ മേല്‍നോട്ടത്തിലൂടെയും വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയിലെ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണ് കുമ്മനം.. നിലയ്ക്കല്‍ പ്രക്ഷോഭത്തിലും ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലും നേതൃത്വം നല്‍കി. ഹിന്ദു ഐക്യവേദിയുടെയും ശബരിമല അയ്യപ്പ സേവാസംഘത്തിന്റെയും സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2011ല്‍ ജന്‍മഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനായ കുമ്മനം രാജശേഖരന്‍ 2015ല്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി. അവിവാഹിതനായ കുമ്മനം രാജശേഖരന്‍ സാത്വികനായ രാഷ്ട്രീയപ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. ബി ജെ പി കേന്ദ്ര നേതൃത്വം മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരനെ അവരോധിച്ചുവെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായി ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചു.

പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണ്ണറായി നിയമിതനായതിനെ തുടര്‍ന്ന് ഒഴിവുവന്ന കേരള ഘടകം ബി ജെ പിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ കേന്ദ്ര ബി ജെ പി നേതൃത്വം സജീവമായി പരിഗണിക്കുകയാണ്. തമിഴ്‌നാട്ടിലെ തമിളിശൈ സൗന്ദരാജനായിരുന്നു സംസ്ഥാന അധ്യക്ഷ പദവി അലങ്കരിച്ച ബി ജെ പിയുടെ ഏക നേതാവ്. അവര്‍ തെലുങ്കാന ഗവര്‍ണ്ണറായതോടെ നിലവില്‍ വനിതാ പ്രാധിനിത്വം ഇല്ലാതായി. നിലവില്‍ കേരളത്തില്‍ മാത്രമാണ് ബി ജെ പിക്ക് അധ്യക്ഷ പദവിയില്‍ ഒഴിവുള്ളത്. ഈ സാഹചര്യത്തിലാണ് ബി ജെ പിയുടെ ദേശീയ അംഗത്വ ക്യാമ്പയിനുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച അഞ്ചംഗ സമിതിയില്‍ ഉള്‍പ്പെട്ട ശോഭ സുരേന്ദ്രന്  കേരള ഘടകം അധ്യക്ഷയാവാന്‍ നറുക്ക് വീണിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു. ശോഭ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തിക്കുന്നതില്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍, മുന്‍ അധ്യക്ഷന്‍ കൂടിയായ പി എസ് ശ്രീധരന്‍പിള്ള എന്നിവരുടെ ശക്തമായ പിന്തുണയുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭരംഗത്ത് സജീവമായി നിലകൊണ്ട് പാര്‍ട്ടി ഘടകങ്ങളുടെ സ്വീകാര്യത നേടിയെടുക്കാനും 45 കാരിയായ ശോഭ വിജയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *