അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍.ഡി.എഫിനെ ജനങ്ങള്‍ തൂത്തെറിയും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ചെന്നിത്തല

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും സര്‍വേഫലങ്ങള്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തെരഞ്ഞെടുപ്പുകളിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായാണ് വരാറുള്ളത്. എക്സിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലപ്പിക്കുന്നവയല്ല. കേരളത്തിലെ ജനങ്ങളില്‍ യുഡിഎഫിന് പൂര്‍ണ വിശ്വാസമുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ എക്സിറ്റ് റിസള്‍ട്ടാണ് വരാന്‍ പോകുന്നത്. അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫിനെ ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ജനഹിതത്തിന്റെ പ്രതിഫലനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും വ്യക്തമാക്കി. കേരളീയ സമൂഹം തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഞായറാഴ്ച യാഥാര്‍ത്ഥ്യ വിജയം നേടും. യുഡിഎഫിന് ഒപ്പം നിന്ന ഘടകകക്ഷികള്‍ എല്‍ഡിഎഫിലേക്ക് വന്നത് ഗുണം ചെയ്തെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ എല്‍.ഡി.എഫിന് 104-120 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ പോള്‍ സര്‍വ്വേഫലം. 20-36 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. അസമില്‍ ബിജെപി അധികാരത്തിലെത്തിയേക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു. അസമില്‍ ബിജെപി 75-85 വരെ സീറ്റ് നേടും. കോണ്‍ഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സര്‍വ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.

കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്‌ളിക് സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വ്വേഫലവും പ്രവചിക്കുന്നത്. 72-80 വരെ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വ്വേഫലം നല്‍കുന്ന സൂചന. പശ്ചിമ ബംഗാളില്‍ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സര്‍വ്വേഫലം പറയുന്നു. തമിഴ്‌നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്‌ളിക് സര്‍വ്വേഫലം പറയുന്നത്. 160-170 വരെ സീറ്റുകള്‍ ഡിഎംകെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സര്‍വ്വേഫലം വ്യക്തമാക്കുന്നു.

കേരളത്തില്‍ എല്‍ഡിഎഫ് 74 യുഡിഎഫ് 65 എന്ന് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നു. ടുഡെയ്‌സ് ചാണക്യ സര്‍വ്വേഫലം പറയുന്നത് കേരളത്തില്‍ എല്‍ഡിഎഫ് 102ഉം യുഡിഎഫ് 35ഉം ബിജെപി 3ഉം സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ.

Leave a Reply

Your email address will not be published. Required fields are marked *