തിരുവനന്തപുരം: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലങ്ങളായി നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിലെ ഒരു ടണലില്‍ കൂടി വാഹനങ്ങള്‍ കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്.
സുരക്ഷാ പരിശോധനാ ഫലം ലഭിച്ച് ദേശീയപാത അതോറിറ്റി അംഗീകരിച്ചാല്‍ ഓഗസ്റ്റ് ആദ്യം തന്നെ തുരങ്കം തുറക്കാമെന്ന് മന്ത്രി അറിയിച്ചു. ദേശീയപാതയില്‍ തൃശൂര്‍-പാലക്കാട് റൂട്ടിലാണ് കുതിരാന്‍ തുരങ്കം. നിരവധി പ്രതിസന്ധികള്‍ മൂലവും കരാര്‍ കമ്പനിയുടെ അനാസ്ഥയും കാരണം തുരങ്കത്തിന്റെ നിര്‍മാണ ജോലി അനിയന്ത്രിതമായി നീണ്ടുപോവുകയായിരുന്നു.
ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ ശോചിയാവസ്ഥയിലും മന്ത്രി പ്രതികരിച്ചു. ആകെ 1781 കിലോമീറ്റര്‍ ആണ് സംസ്ഥാനത്ത് ദേശീയ പാത ഉള്ളത്. ഇതില്‍ 1231 കിലോമീറ്ററും ദേശീയ പാത അതോറിറ്റിക്ക് കീഴിലാണ്. അറ്റകുറ്റപണികള്‍ക്ക് അനുമതി വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കേന്ദ്ര ഗതാഗത മന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് പരിഹാരം കാണുമെന്നും വകുപ്പുകള്‍ സംയുക്തമായി പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി ഫണ്ട് ഉപയോഗിച്ചുളള റോഡ് നിര്‍മ്മാണം വൈകുന്നതായുള്ള പരാതിയിലും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചതായി മന്ത്രി അറിയിച്ചു.