ഇടതുപക്ഷത്തിന് വിജയം ഉറപ്പാക്കാന്‍ പ്ലാന്‍ ബി ഓപ്പറേഷന്‍; ചരിത്രത്തിലേക്ക് നടന്നുകയറുന്ന പിണറായിക്ക് മുന്നില്‍ യു ഡി എഫും ബി ജെ പിയും കാഴ്ചക്കാര്‍ മാത്രമാകുമോ ?

Latest News

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസും, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ട ഇ ഡിയുടെ അന്വേഷണവും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനായാസ വിജയം ഒരുക്കുമെന്ന് കരുതിയവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കണക്കുകൂട്ടലുകള്‍ പാളിയതിന്റെ ആശങ്ക. ഇടതുപക്ഷം പോലും വിചാരിക്കാത്ത വിജയമാണ് കേരളത്തിലെ വോട്ടര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നല്‍കിയത്. ഭൂരിപക്ഷം ജില്ലാ പഞ്ചായത്തുകളും കോപ്പറേഷനുകളും ബ്ലോക്ക് പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും കൈയ്യടക്കി എല്‍ ഡി എഫിന് മിന്നുന്ന വിജയമാണ് കേരളത്തിലെ ജനത നല്‍കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ മുടക്കമില്ലാതെ റേഷന്‍ കടകള്‍ വഴി നല്‍കിയ ഭക്ഷ്യകിറ്റും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമപെന്‍ഷനുമാണ് ഇടതുപക്ഷത്തിന് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ അനായാസ വിജയംസമ്മാനിച്ചത്.

വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും 14 ഐറ്റം അടങ്ങുന്ന വിഷു- ഈസ്റ്റര്‍ സ്‌പെഷ്യല്‍ കിറ്റും ക്ഷേമപെന്‍ഷനും എല്ലാ കൂടി സര്‍ക്കാരിന് വീണ്ടും ഭരണത്തിലേറാന്‍ ചുവപ്പുപരവതാനി വിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്തുമാസമായി പിടിച്ച കുടിശിഖ തുക ഏപ്രില്‍ മാസത്തെ ശമ്പളത്തിനൊപ്പം മടക്കി നല്‍കാനുള്ള സുപ്രധാന തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം കൂടി നടപ്പാക്കുന്നതോടെ ഏപ്രില്‍ ആദ്യവാരം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നത് 25000 ലധികം രൂപയാണ്.

വറുതിയുടെ കാലത്തും ജീവനക്കാരെ കരുതിയ പിണറായി സര്‍ക്കാറിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ പത്ത് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഇവരുടെ കുടുംബാംഗങ്ങളും തയ്യാറായാല്‍ അനായാസ വിജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടായേക്കാം. എട്ടുമാസമായി റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്‍കിവരുന്ന കിറ്റില്‍ വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് 14 ഐറ്റം ഭക്ഷ്യ സാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. വിഷു ഏപ്രില്‍ 14 നാണെങ്കിലും ഈസ്റ്റര്‍ നാലിനായതില്‍ മുന്‍കൂട്ടി കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരം തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ എല്ലാ വീടുകളിലും പിണറായി സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ കിറ്റുകള്‍ എത്തും. ക്ഷേപപെന്‍ഷനുകളും ഏപ്രില്‍ മാസത്തിന്റെ ആദ്യദിനങ്ങളില്‍ വീടുകളില്‍ എത്തിക്കാന്‍ നിര്‍ദേശമുണ്ട്. ഒപ്പം സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടിശിഖയും പുതുക്കിയ ശമ്പളം കൂടി ലഭിക്കുന്നതോടെ കേരളത്തിലെ വീടുകളില്‍ ആഹ്ലാദത്തിന്റെ ദിവസങ്ങളാവും തിരഞ്ഞെടുപ്പിന്റെ ദിനങ്ങളില്‍ എത്തുക. ഈ ഉറപ്പാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ കാതല്‍. പ്രതിപക്ഷ നിരയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവും ഗ്രൂപ്പ് വീതം വെയ്പ്പും അരങ്ങുവാഴുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രദ്ധിച്ചതാണ് എതിരാളികളെ കാഴ്ചക്കാരായി ഗാലറികളില്‍ ഇരുത്താന്‍ വഴിവെക്കുന്ന പിണറായിയുടെ പ്ലാന്‍ ബി ഓപ്പറേഷന്‍.

ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവില്‍ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇ ഡി ഉദ്യോഗസ്ഥരെ കേന്ദ്ര ബി ജെ പി നേതൃത്വം മറയാക്കുന്നുവെന്ന ആരോപണം വരും ദിവസങ്ങളില്‍ കൂടുതല്‍ ആയുധമാക്കാനാണ് എല്‍ ഡി എഫ് തീരുമാനം. കിഫ്ബിക്കെതിരെ അന്വേഷണവും ചോദ്യം ചെയ്യലുമായി കളത്തിലിറങ്ങിയ എന്‍ഫോഴ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുറന്നപോരിനാണ് സി പി എം നീക്കം. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ ഇ ഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഢിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കിഫ്ബി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ എം ഏബ്രഹാം പരാതിയും നല്‍കി കഴിഞ്ഞു. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തിയത് കിഫ്ബിയിലൂടെയായിരുന്നു. ഈ സന്ദേശം വോട്ടര്‍മാരിലേത്ത് എത്തിച്ച് കേരളത്തോട് ബി ജെ പിയുടെ പകപോക്കല്‍ രാഷ്ട്രീയ നിലപാടിനെതിരെ പടവാളെടുക്കാനാണ് എല്‍ ഡി എഫ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *