പ്രീത് തോമസ്
കോട്ടയം: കരയിലിരിക്കുന്ന കാര്‍ഷികയന്ത്രങ്ങളെ ‘പണിയെടുപ്പിക്കാന്‍’ കൃഷിവകുപ്പ്. ഇതിനായി 280 അംഗ കര്‍മ്മസേന ഒരുങ്ങുന്നു. തകരാറിലായ സര്‍ക്കാരിന്റെ മുഴുവന്‍ കാര്‍ഷികയന്ത്രങ്ങളും അറ്റകുറ്റപണി നടത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് തീരുമാനം. ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് പരിശീലനം നല്‍കി 5600 കാര്‍ഷിക ഉപകരണങ്ങളാകും അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനക്ഷമമാക്കുക.
ഇതിനുള്ള പരിശീലപരിപാടിക്ക് സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തില്‍ തുടക്കമായി. ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് പരിശീലനം ആരംഭിച്ചത്. അടുത്തഘട്ടമായി തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ ഫെബ്രുവരിയില്‍ പരിശീലന ക്യാമ്പ് നടത്തും. എല്ലാ ജില്ലകളിലും 20 പേര്‍ക്ക് കാര്‍ഷിക യന്ത്രപ്രവര്‍ത്തനം, അറ്റക്കുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനമാകും നല്‍കുക.
ഓട്ടോമൊബൈല്‍, ഡീസല്‍ മെക്കാനിക്, മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി, സര്‍വീസിങ് ആന്റ് അഗ്രോ മെഷിനറി, ഫാം പവര്‍ എന്‍ജിനീയറിങ്, മെക്കാനിക് ട്രാക്ടര്‍ എന്നീ ട്രേഡുകളില്‍ ഐ.ടി.ഐവി.എച്ച്.എസ്.ഇ യോഗ്യതയുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. കാര്‍ഷിക യന്ത്രപ്രവര്‍ത്തനം, അറ്റക്കുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനമാകും മിഷന്‍ നല്‍കുക. ഇത് പൂര്‍ത്തിയാകുന്നതോടെ എല്ലാ ബ്ലോക്കുകളിലും അറ്റകുറ്റപണികള്‍ക്കായി ക്യാമ്പുകള്‍ നടത്തും. കമ്പനി സര്‍വീസ് പ്രതിനിധികളുമെത്തും. അടുത്തവര്‍ഷത്തോടെ മുഴുവന്‍ യന്ത്രങ്ങളും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനുശേഷവും
യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ കൃഷിവകുപ്പ് ഇവരുടെ സഹായം തേടും.
സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്‍ നടത്തിയ കണക്കെടുപ്പില്‍ കൃഷിവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് 11,505 കാര്‍ഷിക ഉപകരണങ്ങളാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 2600 ട്രില്ലറുകളും 1500 ഓളം കൊയ്ത്ത് യന്ത്രങ്ങളും ഉള്‍പ്പെടെ 5600 കാര്‍ഷിക ഉപകരണങ്ങള്‍ തകരാറിലാണ്. ഇവയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്നവയെല്ലാം കൃഷിയിടങ്ങളിലേക്ക് വീണ്ടും എത്തിക്കാനാണ് തീരുമാനം.
സബ്‌സിഡി നിരക്കില്‍ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അനുവദിച്ച ഉപകരണങള്‍ വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പൂര്‍ണമായും ഉപയോഗശൂന്യമായവ ലേലം നടത്തി ഒഴിവാക്കണമെന്ന ശിപാര്‍ശയും മിഷന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
സമാനരീതിയില്‍ നേരത്തെ അഗ്രോ െസന്ററുകള്‍, കാര്‍ഷിക കര്‍മ്മസേന എന്നിവയിലെ ഉപകരണങ്ങളുടെ കണക്ക് മിഷന്‍ ശേഖരിച്ചിരുന്നു. 4800 ഉപകരണങ്ങളെന്നായിരുന്നു കണ്ടെത്തല്‍. ഇതില്‍ തകരാറിലായിരുന്ന 1800 എണ്ണം കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.