സ്പെഷ്യല്‍ കറസ്പോണ്ടന്റ്
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിനെയും പ്രവര്‍ത്തകരെയും സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറ്റാന്‍ മേജര്‍ രവി കടിഞ്ഞാന്‍ ഏറ്റെടുക്കുന്നു. കെ സുധാകരന് കെ പി സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഉടന്‍ പാര്‍ട്ടിയെ സെമി കേഡറാക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. സുധാകരന്റെ സ്വപ്നം കോണ്‍ഗ്രസില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന പൊതു അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പങ്കുവെച്ചത്. എന്നാല്‍ സി പി എമ്മിനും ആര് എസ് എസിനും ബദലായി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കേഡര്‍ സ്വഭാവം അനിവാര്യമാണെന്ന സുധാകരന്റെ നിലപാട് വൈകാതെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് മേജര്‍ രവി പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കെ സി പി സി ഭാരവാഹി പട്ടികയ്ക്ക് പിന്നാലെ പോഷക സംഘടനകളുടെ അധ്യക്ഷന്മാരുടെ പ്രഖ്യാപനവും ഒപ്പം മേജര്‍ രവിയുടെ ഔദ്യോഗിക ചുമതലകളും കെ പി സി സി നടത്തും.
പാര്‍ട്ടിയുടെ താഴെ തലം മുതല്‍ കെ പി സി സി വരെയുള്ള ഭാരവാഹികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ പഠനശിബിരങ്ങള്, പാര്‍ട്ടിയുടെ നയങ്ങളും ഭാവി പരിപാടികളും ജനങ്ങളോട് വിശദീകരിക്കല്‍, സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകത, തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് കായികമായ പരിശീലനങ്ങള്‍ തുടങ്ങിയ ഒട്ടനവധി പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മതസാമുദായിക സംഘടനങ്ങളുടെ അമിത സ്വാധീനം പാര്‍ട്ടി അണികളെ സ്വാധീനിക്കുന്നത് ഫലപ്രദമായ പ്രതിരോധിക്കാന്‍ വേണ്ട ഇടപെടലുകളും സെമി കേഡര്‍ സംവിധാനത്തില്‍ ഉണ്ടാകും. കേരളത്തിലെ പാര്‍ട്ടിയെ ഗ്രൂപ്പ് മാനേജര്‍മാരുടെ കൈകകളില്‍ നിന്നും വിടുവിക്കാന്‍ കേഡര്‍ ശൈലി ഗുണം ചെയ്യുമെന്ന ആത്മവിശ്വാസമാണ് മേജര്‍ രവിയിലൂടെ കെ സുധാകരന് ഉന്നംവെക്കുന്നത്.
അതേസമയം, ബി ജെ പി സഹയാത്രികനായി അറിയപ്പെട്ടിരുന്ന മേജര്‍ രവി രമേശ് ചെന്നിത്തലുടെ നേതൃത്വത്തില്‍ നടത്തിയ ഐശ്വര്യ കേരള യാത്രയില്‍ എറണാകുളത്ത് പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇഴയടുപ്പം ഉണ്ടാക്കിയത്. ബി ജെ പിയിലെ 90 ശതമാനം പേരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന നിലപാടുമായാണ് മേജര്‍ രവി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ബി ജെ പിക്കും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത നിലപാടുമായി രംഗത്തുള്ള മേജര്‍ രവിക്കെതിരെ അടുത്തകാലത്തായി ഇടതു- സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്പുകളില്‍ വലിയ ആക്രമണമാണ് പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ കെ എസ് യു പ്രവര്‍ത്തകനായിരുന്ന മേജര്‍ രവിയുടെ മാതാപിതാക്കള്‍ കറകളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.. അച്ഛന് പി. കുട്ടിശങ്കര പെരുമ്പ്ര നായര്‍ ഞാങ്ങാട്ടിരി കോ-ഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. അമ്മ സത്യഭാമ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. അവരുടെ തടിയലമാരയില്‍ ഇന്ദിരാഗാന്ധിയുടെ ചിത്രമാണ് ഇന്നും സൂക്ഷിച്ചിട്ടുള്ളത്. മേജര്‍ രവിയുടെ കഥയും വ്യത്യസ്തമല്ല. വിദ്യാഭ്യാസകാലത്ത് കെ.എസ്.യു പ്രവര്ത്തകരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിന്റെ നിരവധി സമരമുഖങ്ങളില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പല സമരങ്ങളും സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവെന്നും രവിയുടെ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളുമായി നാപ്റ്റ് എന്ന പേരില്‍ ആര്‍മി, നേവി, എയര്‍ഫോര്‍ഴ്സ്, പാരാമിലിട്ടറി, പൊലിസ് സേനയിലേക്ക് തൊഴില്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്ക് മേജര്‍ രവിയുടെ നേതൃത്വത്തില്‍ പരിശീലനം പരിപാടികള്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞ 8 വര്‍ഷമായി അക്കാദമിയുടെ കീഴില്‍ പരിശീലനം നേടിയ 3600 ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ വിവിധ സേനാ വിഭാഗങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.