ഓക്‌സിജൻ ഉണ്ടായിരുന്നു, മരണം മെഡി.കോളജിലെത്തിയശേഷമെന്ന് പ്രാഥമിക റിപ്പോർട്ട്; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

Kerala Latest News

തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോയ ആംബുലൻസിൽ ഓക്‌സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. രോഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ തുടരന്വേഷണം നടത്തും എന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആരോപണം ഉയർന്നതോടെ ജില്ല മെഡിക്കൽ ഓഫിസറോട് ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടുകയായിരുന്നു. ഞായറാഴ്ചയാണ് വെൺപാല സ്വദേശി രാജൻ മരിച്ചത്. ആംബുലൻസിൽ ഓക്‌സിജൻ ലഭ്യമാക്കാത്തതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് രാജൻ മരിച്ചത് എന്ന് ആയിരുന്നു ബന്ധുക്കളുടെ പരാതി. വണ്ടാനം ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും ഓക്‌സിജൻ ഉള്ള ആംബുലൻസിലാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം രോഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞ നിലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ രാജന്റെ അവസ്ഥ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച രാജൻ അരമണിക്കൂറിന് ശേഷമാണ് മരിച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *