പാലക്കാട്: കോവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വാളയാര്‍ മലബാര്‍ സിമന്റ്‌സില്‍ സി പി എം നേതൃത്വം പിന്‍വാതില്‍ നിയമനം നടത്തുകയാണെന്ന് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ സുമേഷ് അച്യുതന്‍ ആരോപിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ ജീവനക്കാര്‍ക്ക് വി ആര്‍ എസ് ഏര്‍പ്പെടുത്തിയ കമ്പനിയിലാണ് 2020 ഏപ്രില്‍ 21ന് 35 പേര്‍ക്കും 22 ന് വീണ്ടും 35 പേര്‍ക്കും കാഷ്യല്‍ ലേബര്‍ തസ്തികയില്‍ നിയമനം നല്‍കിയിരിക്കുന്നത്. സി പി എം ഭരിക്കുന്ന മലബാര്‍ സിമന്റ്‌സ് ലേബേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസെറ്റി എന്ന ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ നിന്നുള്ള ആളുകള്‍ക്ക് മാത്രമാണ് നിയമനം നല്‍കിയിട്ടുള്ളത്.
ആകെ 93 പേര്‍ക്കാണ് നിയമനം നല്‍കുന്നത് . കൊറോണക്കാലത്ത് അടച്ചു പൂട്ടിയ മലബാര്‍ സിമന്റ്‌സ് കമ്പനിയുടെ നോട്ടീസ് ബോര്‍ഡില്‍ ഇതു സംബന്ധിച്ച് അപേക്ഷ വാങ്ങുന്നതായി കാണിച്ച് അറിയിപ്പ് പതിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മലബാര്‍ സിമന്റ്‌സില്‍ കരാര്‍ ജോലിചെയ്യുന്ന മറ്റുള്ളവര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയാത്ത വിധമാണ് തട്ടിപ്പുകാര്‍ നിയമന നിരോധനത്തിന് കളമൊരുക്കിയിരിക്കുന്നത്.
നഷ്ട കണക്കു പറഞ്ഞ് കാലാകാലങ്ങളില്‍ നല്‍കിയിരുന്ന യൂണിഫോം അലവന്‍സ് , മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് എന്നിവ നല്‍കാത്ത കമ്പനിയിലാണ് സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ തൊഴിലാളി നിയമനം നടത്തിയിരികുന്നത്. ഈ നിയമനങ്ങള്‍ റദ്ദാക്കി സുതാര്യമായി തൊഴിലാളികളെ നിയമിക്കുന്നതിന് പൊതു മാനദണ്ഡം വെച്ച് വീണ്ടും അപേക്ഷ ക്ഷണിക്കണം. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലിനായി PSC യിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചിലും അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് സി പി എം നേതൃത്വത്തിന്റെ കോടികളുടെ അഴിമതിക്കു വഴിവെക്കുന്ന തൊഴിലാളി നിയമനം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.