മമ്മൂട്ടിയെ മത്സരിപ്പിക്കാന്‍ അണിയറയില്‍ തിരക്കിട്ട ആലോചന, മധ്യകേരളം പിടിക്കാന്‍ സി പി എമ്മിന് തുറുപ്പ് ചീട്ടാകാന്‍ മെഗാസ്റ്റാര്‍

Latest News

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം : കാലങ്ങളായി ഇടതു സഹയാത്രികനായി അറിയപ്പെടുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സി പി എം ആലോചന. മത്സരത്തിന് ഇറങ്ങാന്‍ മമ്മൂട്ടി സമ്മതം മൂളിയിട്ടില്ലെങ്കിലും മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിന് തുറുപ്പ് ചീട്ടായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ളവര്‍ നീക്കം ശക്തമാക്കിയിരിക്കുന്നത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് പ്രാരംഭവട്ട കൂടിയാലോചനകള്‍ നടന്നുകഴിഞ്ഞു. കളമശ്ശേരി മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് മമ്മൂട്ടിയോട് സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.

സി പി എം എറണാകുളം ജില്ല കമ്മറ്റിയും മമ്മൂട്ടിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന നിലപാടുമായി രംഗത്തുണ്ട്. മമ്മൂട്ടി സ്ഥാനാര്‍ഥിയാവുന്നതോടെ നിലവില്‍ യു ഡി എഫിന്റെ പക്കലുള്ള ആലുവ, തൃക്കാക്കര, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കാമെന്ന വിലയിരുത്തലിലാണ് സി പി എം. എറണാകുളം ജില്ലയ്ക്ക് പുറത്തേക്കും പ്രത്യേകിച്ച് മധ്യകേരളത്തില്‍ ഒന്നാകെ മമ്മൂട്ടിയുടെ സ്ഥാനാര്‍ഥിത്വം വലിയ തരംഗം സൃഷ്ടിക്കാന്‍ വഴിവെക്കും. മമ്മൂട്ടിയുടെ സ്ഥാനാര്‍ഥിത്വം മലബാറില്‍ പ്രത്യേകിച്ച് മുസ്ലിം വോട്ടര്‍മ്മാര്‍ക്കിടയില്‍ ഇടതുപക്ഷവുമായുള്ള ഇഴയടുപ്പത്തിന് കൂടുതല്‍ ദൃഢത ഉണ്ടാക്കുമെന്നും പാര്‍ട്ടി നിരീക്ഷിക്കുന്നു. യു ഡി എഫിലേക്ക് നിരവധി സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അംഗത്വം സ്വീകരിക്കുന്ന സാഹചര്യത്തില്‍ മമ്മൂട്ടിയെ ഇറങ്ങിയുള്ള ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. വീണ്ടും അധികാരത്തിലെത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വായുധങ്ങളുമായി മത്സരത്തിനൊരുങ്ങുന്ന സി പി എമ്മിന് യു ഡി എഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ താരശോഭയുള്ള സ്ഥാനാര്‍ഥികള്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനം.

വിവാദങ്ങളില്‍പെട്ട നേതാക്കളെ സ്ഥാനാര്‍ഥികളാക്കുന്നതിന് പകരം കൂടുതല്‍ യുവാക്കള്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം കൊടുക്കാന്‍ സി പി എം തീരുമാനമെടുത്തുകഴിഞ്ഞു. ഒപ്പം, മമ്മൂട്ടിയെപ്പോലെ പൊതുസമൂഹത്തിനൊന്നാകെ സ്വീകാര്യതയുള്ള ഇടതുപക്ഷ ആഭിമുഖ്യമുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് വിജയം ഉറപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉരുത്തിരിയുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ ജനപങ്കാളിത്വം ഗൗരവത്തോടെയാണ് ഇടതുപക്ഷം വീക്ഷിക്കുന്നത്. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷീതിതമായുണ്ടായ തിരിച്ചടികള്‍ക്കെതിരെ ഗ്രൂപ്പ് തിരിഞ്ഞുള്ള പോരാട്ടം ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചരണമാണ് യു ഡി എഫും കോണ്‍ഗ്രസും നടത്തിവരുന്നത്. യു ഡി എഫ് കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ക്കിടയിലും ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസം എല്ലാ രംഗത്തും ഉണ്ടാകാന്‍ ഇടയാക്കിയെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നു. സംസ്ഥാന ബി ജെ പിയാകട്ടെ കുറഞ്ഞ 10 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തൃശൂരില്‍ തുടക്കമായിരിക്കുന്നു. യു ഡി എഫില്‍ നിന്നും ബി ജെ പിയില്‍ നിന്നുമുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ തുറന്നപോരിനാണ് സി പി എമ്മും ഇടതുപക്ഷവും ആവനാഴിയില്‍ അസ്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത്.

മമ്മൂട്ടിയെപ്പോലെ സമസ്ത മേഖകളിലും പൊതു സ്വീകാര്യതയുള്ള ഒരു ഡസനോളം സ്ഥാനാര്‍ഥികളെ വിവിധ ജില്ലകളില്‍ ഇടതുപക്ഷത്തിന്റെ ബാനറില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സി പി എമ്മിന്റെയും വിവിധ ഘടകക്ഷികളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *