മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ പി സി സി അധ്യക്ഷനാവും; കെ സുധാകരന്‍ ബി ജെ പി അമരത്തേക്ക് ?

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് കെ പി സി സി അധ്യക്ഷനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമിതനാകും. കേരളത്തിലെ വിവിധ ഗ്രൂപ്പ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശനിയാഴ്ച പ്രാഥമിക ലിസ്റ്റ് നല്‍കിയിരുന്നു. ഈ ലിസ്റ്റിലും മുല്ലപ്പള്ളിയുടെ പേരിനാണ് മുന്‍തൂക്കം. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ബെന്നി ബഹന്നാന്‍ എന്നിവരുടെ പേരുകളാണ് മുകുള്‍ വാസ്‌നിക് രാഹുലിന്
കൈമാറിയ ലിസ്റ്റില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കേരളത്തില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ളത്‌.

ഹൈക്കമാന്‍ഡിന്റെ പ്രത്യേക താല്‍പര്യവും ഏ കെ ആന്റണിയുടെ വിശ്വസ്തന്‍ എന്ന പരിഗണനയും മുല്ലപ്പള്ളിയുടെ കാര്യത്തില്‍ രണ്ടാമതൊരാലോചന കൂടാതെ മുന്നോട്ടുപോകാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യം നല്‍കുന്നു. ഒപ്പം കേരളത്തിലെ പ്രബല വിഭാഗമായ ഈഴവ സമുദായത്തില്‍ നിന്നൊരു പ്രതിനിധിയെ കെ പി സി സി പ്രസിഡന്റാക്കണമെന്ന ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന പൊതുവികാരവും മുല്ലപ്പള്ളിക്ക് അനുകൂല ഘടകമായി. ഇതിനിടെ അവസാന സമയം വരെ കെ പി സി സി പ്രസിഡന്റാകുമെന്ന പ്രതീക്ഷയില്‍ കരുക്കള്‍ നീക്കിയ കെ സുധാകരനെ സ്വന്തം ഗ്രൂപ്പ് നേതാക്കള്‍ തന്നെ വെട്ടിനിരത്തിയെന്ന ആരോപണം സുധാകരപക്ഷം ഉന്നയിക്കുന്നു. സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായിയെയും രാഷ്ട്രീയമായി നേരിടാന്‍ ഇത്രകണ്ട് കരുത്തനായ നേതാവ് കേരളത്തില്‍ മറ്റാരുമില്ലെന്ന് സുധാകര അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയാത്ത കോണ്‍ഗ്രസില്‍ ഇനി കാത്തുകെട്ടി നില്‍ക്കേണ്ടെന്നാണ് ഇവരുടെ പക്ഷം.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സുധാകരനെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസിലെ പൊട്ടിത്തെറിയുടെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം കരുക്കള്‍ നീക്കിതുടങ്ങി. കെ സുധാകരനെ സംസ്ഥാന ബി ജെ പിയുടെ അധ്യക്ഷനാക്കാന്‍ ഒരുക്കമാണെന്ന അമിത് ഷായുടെ ആഗ്രഹം ദൂതന്‍ മുഖാന്തിരം കെ സുധാകരന്റെ ചെവിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കെ പി സി സി പ്രസിഡന്റ് പ്രഖ്യാപനം വരെ കാത്തിരിക്കണമെന്ന നിര്‍ദേശമാണ് സുധാകരന്‍ ബി ജെ പി കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പി എസ് ശ്രീധരന്‍പിള്ളയുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയിരുന്നു. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ നേട്ടം മുതലെടുക്കാന്‍ തല്‍ക്കാലം സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കേണ്ടെന്ന് അമിത് ഷാ തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ സി പി എമ്മിനെതിരെ പടനയിക്കാന്‍ കെ സുധാകരനെപ്പോലെ മറ്റൊരു നേതാവില്ലെന്ന കണ്ടെത്തലാണ് സംസ്ഥാന ആര്‍ എസ് എസ് നേതൃത്വത്തിനുമുള്ളത്. ഒപ്പം കോണ്‍ഗ്രസിലെ അസംതൃപ്തരായ വലിയൊരു വിഭാഗത്തെ സുധാകരനൊപ്പം ബി ജെ പി പാളയത്തില്‍ എത്തിക്കാമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. കെ സുധാകരനെ ബി ജെ പി സംസ്ഥാന പ്രസിഡന്റാക്കുന്നതിനൊപ്പം നിരവധി ഓഫറുകളും ദേശീയ ബി ജെ പി നേതൃത്വം ഇതിനകം നല്‍കി കഴിഞ്ഞു. വൈ കാറ്റഗറി സുരക്ഷ, ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി അധികാരത്തില്‍ എത്തിയാല്‍ ക്യാബിനറ്റ് റാങ്കോടെ മന്ത്രിപദവി, സുധാകരനൊപ്പം പാര്‍ട്ടിയിലെത്തുന്ന നേതാക്കള്‍ക്ക് നിരവധി ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ അംഗത്വം തുടങ്ങി നിരവധി ഓഫറുകളാണ് അമിത് ഷായുടെ ദൂതന്മാര്‍ നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *