സര്‍ക്കാരിനെയും കോടതിയെയും വെല്ലുവിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പകല്‍ക്കൊള്ള അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2021 മാര്‍ച്ച് 31 വരെ ബാങ്കുകളിലൂടെ സ്വര്‍ണ്ണവിലയുടെ 90 ശതമാനം തുക വായ്പയായി നല്‍കാമെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയായത് സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ്. പണയ സ്വര്‍ണ്ണത്തിന് കൂടുതല്‍ തുക ലഭ്യമാക്കുമെന്ന് പരസ്യം നല്‍കിയശേഷം അളവ് തൂക്കത്തില്‍ വെട്ടിപ്പ് നടത്തിയുള്ള ഒളിച്ചുകളിയാണ് ഇതോടെ ഇല്ലാതാവുന്നത്. പ്രതിവര്‍ഷം 24 മുതല്‍ 36 ശതമാനം വരെയാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ സ്വര്‍ണ്ണപണയത്തിന് പലിശ ഈടാക്കുക. മാസം തോറും പലിശ അടച്ച് പുതുക്കണമെന്ന വ്യവസ്ഥയോടെയാണ് സ്വര്‍ണ്ണപണയ വായ്പ ഉപഭോക്താക്കള്‍ക്ക് നല്‍കുക. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം കസ്റ്റമേഴ്‌സിന് മാസം തോറും പലിശ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ ഭീമമായ തുകയാണ് മുതലും പലിശയുമായി ബ്ലേഡ് സംഘങ്ങള്‍ക്ക് അടയ്ക്കാനുണ്ടെന്ന് കാട്ടി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ പകല്‍ക്കൊള്ളക്ക് അറുതി വരുത്താന്‍ റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദേശം വഴിവെക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളില്‍ പ്രതിവര്‍ഷം ഏഴര ശതമാനം മുതല്‍ പത്തുശതമാനം പലിശ നിരക്ക് ഈടാക്കിയാണ് സ്വര്‍ണ്ണവിലയുടെ 90 ശതമാനം വായ്പയായി നല്‍കുന്നതെന്നതാണ് ഇവിടെ ഏറെ കൗതുകകരം.

കുറച്ചുനാള്‍ മുമ്പ് സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ തൊഴില്‍പ്രശ്‌നത്തില്‍ ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നിര്‍ദേശം നല്‍കിയ കോടതിയെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച മാനേജ്‌മെന്റാണ് കേരളത്തില്‍ നോണ്‍ ബാങ്കിംഗ് രംഗം അടക്കിവാഴുന്നത്. ഈ ധനകാര്യ സ്ഥാപനത്തിന്റെ അനുചരന്മാരായി പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ മിക്ക സ്ഥാപനങ്ങളിലും തൊഴിലാളി വിരുദ്ധ നടപടികളാണ് അരങ്ങുവാഴുന്നതെന്നതാണ് ഏറെ ആശ്ചര്യം. കോവിഡിന്റെ പേരുപറഞ്ഞ് മാസങ്ങളായി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളുമുണ്ട്. ജീവനക്കാര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്ന പണമിടപാട് സ്ഥാപനങ്ങളെ ചോദ്യംചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അറച്ചുനില്‍ക്കുന്നു.
കോടിക്കണക്കിന് രൂപ പരസ്യ ഇനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പത്രദൃശ്യ മാധ്യമ മാനേജ്‌മെന്റുകളുടെ വായ് മൂടിക്കെട്ടിയാണ് ധനകാര്യ സ്ഥാപനങ്ങള്‍ ലക്ഷണക്കിന് വരുന്ന സാധാരണ ജനങ്ങളുടെ പോക്കറ്റടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലക്ഷങ്ങള്‍ സംഭാവന നല്‍കുന്നതോടെ ഭൂരിപക്ഷം പാര്‍ട്ടിയിലെ നേതാക്കളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പകല്‍ക്കൊള്ളക്കെതിരെ ചെറുവിരല്‍ അനക്കാന്‍ മിനക്കെടാറില്ല. നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്ത് സ്വരുക്കൂട്ടുന്ന കോടിക്കണക്കിന് രൂപ ഉപയോഗിച്ച് ധനകാര്യസ്ഥാപന മുതലാളിമാര്‍ സംസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും ആരംഭിച്ച ഭൂരിഭാഗം പ്രോജക്ടുകളും വന്‍ പരാജയത്തിലാണ്. ഈയിനത്തില്‍ കോടിക്കണക്കിന് രൂപ നഷ്ടമായതോടെ നിക്ഷേപകരുടെ മുതലും പലിശയും മടക്കി നല്‍കാന്‍ കഴിയാത്ത വിഷമഘട്ടത്തിലാണ് സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍.

ഓരോ വര്‍ഷവും പത്തുമുതല്‍ ഇരുപതോളം പുതിയ ബ്രാഞ്ചുകള്‍ തുറന്നാണ് ധനകാര്യ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപ നിക്ഷേപമായി സമാഹരിക്കുന്നത്. അതാത് സ്ഥലങ്ങളിലെ പ്രമുഖരായ വ്യക്തികളെ പുതിയ ബ്രാഞ്ചിന്റെ മാനേജര്‍മാരായി നിയമിച്ച് ഇവര്‍ക്ക് വന്‍ ശമ്പളവും ഇന്‍സെന്റീവും ഓഫര്‍ ചെയ്താണ് ജനങ്ങളുടെ പണം വാങ്ങിച്ചെടുക്കുക. പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കുറഞ്ഞത് മൂന്നു കോടി മുതല്‍ അഞ്ച് കോടിരൂപ വരെ നിക്ഷേപമായി സമാഹരിക്കാന്‍ കഴിയുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ സൂചിപ്പിച്ചു. ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ ഓഫീസ് സംവിധാനങ്ങളെ കവച്ചുവെക്കുന്ന പകിട്ടുള്ള ഓഫീസ് സംവിധാനങ്ങളോടെയാണ് മിക്ക കമ്പിനികളുടെയും ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *