> വന്‍പലിശ ഓഫര്‍ ചെയ്ത് കോടികള്‍ നിക്ഷേപമായി സ്വീകരിക്കുന്നു
> പോപ്പുലര്‍ ഫിനാന്‍സ് അടക്കമുള്ള കോടികളുടെ തട്ടിപ്പുകളില്‍ വഞ്ചിതരാകുന്ന മലയാളികള്‍ ഇനിയും പാഠം പഠിക്കുന്നില്ല
ആര് അജിരാജകുമാര്‍
കൊച്ചി: റിസര്‍വ്വ് ബാങ്കിന്റെ അനുമതി ഇല്ലാതെ കേരളത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ കോടികള്‍ നിക്ഷേപം സ്വീകരിക്കുന്നു. സംസ്ഥാനത്ത് നോണ്‍ ബാങ്കിംഗ് രംഗത്തുള്ള നാല് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ രാജ്യത്തെ ബാങ്കുകളെ അടക്കം നിയന്ത്രിക്കാന്‍ അധികാരപ്പെട്ട റിസര്‍വ്വ് ബാങ്കിനെ വെല്ലുവിളിച്ചാണ് കൊള്ളപലിശക്കാരായ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം.
15 മുതല്‍ 18 ശതമാനം വാര്‍ഷിക പലിശ ഓഫര്‍ ചെയ്താണ് കോടിക്കണക്കിന് രൂപ കമ്പിനികള്‍ കൈപ്പറ്റുന്നത്. സമാനമായ രീതിയില്‍ 2500 കോടിയോളം രൂപ വാങ്ങിച്ചെടുത്ത ശേഷം പാപ്പര്‍ ഹര്‍ജി നല്കി വിദേശത്തേക്ക് കടക്കാനൊരുങ്ങിയ പോപ്പുലര്‍ ഫിനാന്‍സ് നടത്തിപ്പുകാരെ നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. കടലാസ് കമ്പിനികള്‍ രൂപവത്കരിച്ച് കോടിക്കണക്കിന് രൂപ വകമാറ്റിയാണ് പോപ്പുലര്‍ ഫിനാന്‍സ് മാനേജ്മെന്റ് തട്ടിപ്പുനടത്തിയത്. ദുബൈയിലും, ആസ്ട്രേലിയയിലും നിരവധി ബിസിനസ് സംരംഭങ്ങള്‍ ബിനാമി പേരുകളില്‍ തുടങ്ങി പണം വിദേശത്തേക്ക് കടത്തിയശേഷം രാജ്യം വിടാനായിരുന്നു ഇവരുടെ പദ്ധതി.
പത്രദൃശ്യ മാധ്യമങ്ങളില്‍ കോടിക്കണക്കിന് രൂപ പരസ്യം നല്‍കിയാണ് ജനങ്ങളുടെ പക്കല്‍ നിന്നും വന്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുക. കൃത്യമായി മാസപ്പലിശ നല്കുന്നതിനാല് നിക്ഷേപത്തുക എന്തുചെയ്യുന്നുവെന്ന് ആരും തിരക്കാറില്ല. റിസര്‍വ്വ് ബാങ്കിന്റെ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ കേരളത്തില്‍ 127 ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വ്വീസ് ലിമിറ്റഡ്, മുത്തൂറ്റ് വെഹിക്കിള്‍സ് ആന്റ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ശ്രീരാജ് ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് പവ്വര്‍ ആന്റ് ഇന്‍ഫ്രാസട്രക്ചര്‍ ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് തുടങ്ങിയ കമ്പിനികള്‍ക്ക് മാത്രമാണ് കേരളത്തില്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വെബ്സൈറ്റിലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ചാണ് കേരളത്തിലെ പണമിടപാട് കമ്പിനികള്‍ ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നത്. ‘ബി’ കാറ്റഗറി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പൊതുനിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി ഇല്ലെന്നും റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരും വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസികളുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രധാന ഇരകള്‍. സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്ക് കെ വൈ സി മാനദണ്ഡം റിസര്‍വ്വ് ബാങ്ക് കര്‍ശനമാക്കിയതോടെ കോടിക്കണക്കിന് രൂപയാണ് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി ഒഴുകിയെത്തിയത്. അപ്രതീക്ഷിതമായി കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി കാരണം കേരളത്തിലെ ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും വന്‍ പ്രതിസന്ധി നേരിടുകയാണ്. എല്ലാത്തരം വായ്പകള്‍ക്കും റിസര്‍വ്വ് ബാങ്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചതോടെ മൈക്രോ ഫിനാന്‍സ് സ്കീമുകളിലും മറ്റ് വായ്പകളുമായി വിതരണം ചെയ്ത കോടിക്കണക്കിന് രൂപയുടെ തിരച്ചടവ് കഴിഞ്ഞ ആറുമാസമായി മുടങ്ങിയിരിക്കുകയാണ്.
അപ്രതീക്ഷിതമായെത്തിയ കോവിഡ് പ്രതിസന്ധി കാരണം കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ക്ക് നല്‍കിവന്ന പ്രതിമാസ പലിശയും മുടങ്ങി. ഇതോടെയാണ് നിക്ഷേപകര്‍ തങ്ങളുടെ തുക തിരികെ ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ കൂട്ടമായെത്തുന്നത്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍, എക്സ്പോര്‍ട്ടിംഗ് ബിസിനസ്, വാഹന വായ്പ തുടങ്ങിയ നിരവധി മേഖലകളിലേക്ക് നിക്ഷേപം വകമാറ്റിയതോടെ സ്ഥാപന നടത്തിപ്പുകാര്‍ക്ക് ജനങ്ങളുടെ നിക്ഷേപത്തുക മടക്കി നല്കാന് സാധിക്കുന്നില്ല. മൊറൊട്ടോറിയം കാലാവധി അവസാനിച്ചതോടെ സെപ്തംബര്‍ മാസം മുതല്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍.