കൊള്ളപലിശ തട്ടിപ്പറിക്കുന്നവര്‍ തൊഴിലാളിക്ക് നല്‍കുന്നത് തുഛമായ ശമ്പളം; ഡിപ്പോസിറ്റ് പിടിച്ചില്ലെങ്കില്‍ മുതലാളിയുടെ വക ഭീഷണി

Latest News

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: അമിത പലിശ വാങ്ങുന്ന കേരളത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ അവസ്ഥ പരമദയനീയമാണ്. പ്രതിമാസം പതിനായിരം രൂപയില്‍ താഴെ ശമ്പളത്തില്‍ പണിയെടുക്കുന്നവരാണ് സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ അധികവും. ബി കോം, എം കോം ബിരുദധാരികളായ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് വര്‍ഷങ്ങളായി ഈ രംഗത്ത് തൊഴിലെടുക്കുന്നത്. പുറമെ നോക്കുമ്പോള്‍ വൈറ്റ് കോളര്‍ ജോലിയായി തോന്നാമെങ്കിലും ഓരോ ജീവനക്കാരനും പ്രതിമാസം മാനേജ്‌മെന്റ് ടാര്‍ഗിറ്റ് നിശ്ചയിച്ചിയിട്ടുണ്ട്. ഈ തുക നിക്ഷേപമായി കണ്ടെത്തി നല്‍കുന്നവര്‍ക്ക് മാത്രമാണ് ശമ്പളത്തിനൊപ്പം ഇന്‍സെന്റീവ് എന്ന ഓമനപ്പേരില്‍ കൂടുതല്‍ തുക ലഭിക്കുക.

ടാര്‍ഗിറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജീവനക്കാരെ ആളാംപ്രതി ഫോണില്‍ വിളിച്ചും ജീവനക്കാരുടെ യോഗങ്ങളില്‍ പരസ്യമായും മാനേജ്‌മെന്റ് പ്രതിനിധികളുടെ ശകാരവും പിരിച്ചുവിടല്‍ ഭീഷണിയും അധിക്ഷേപിക്കലും പതിവാണ്. വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ജോലിയില്‍ നിന്നും വിരമിച്ചവരെയാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ മുഖ്യമായി വിവിധ ബ്രാഞ്ചുകളുടെ മേല്‍നോട്ടം ഏല്‍പ്പിക്കുന്നത്. പരമാവധി സ്വകാര്യനിക്ഷേപം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിംഗ് മേഖലയില്‍ പ്രാവീണ്യമുള്ളവരെ ബ്രാഞ്ചുകളില്‍ മാനേജര്‍മാരായി നിയമിക്കുക. പ്രതിമാസ ശമ്പളത്തിന് പുറമെ വന്‍തുക ഇന്‍സെന്റീവും നല്‍കാമെന്ന വാഗ്ദാനം കൂടി നല്‍കുന്നതോടെ കോടിക്കണക്കിന് രൂപ പ്രാദേശിക തലങ്ങളില്‍ നിന്നും ഇവര്‍ നിക്ഷേപമായി സമാഹരിക്കും. ഓഫീസിലെ മറ്റ് ജീവനക്കാര്‍ക്കും ഓരോരുത്തരും പ്രതിവര്‍ഷം സമാഹരിക്കേണ്ട നിക്ഷേപത്തുകയുടെ ടാര്‍ഗിറ്റ് എത്രയെന്ന് നിശ്ചയിച്ച് മുന്‍കൂട്ടി നല്‍കും. മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന ഡിപ്പോസിറ്റുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത ജീവനക്കാരനെ ജോലിയില്‍ നിന്നും പറഞ്ഞുവിടുന്ന പതിവ് രീതിയും ഇവിടങ്ങളില്‍ വ്യാപകമാണ്.

മുഖ്യമായും വനിതാ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഫണ്ട് പിരിവുകള്‍. അഞ്ചുവര്‍ഷം കൊണ്ട് നിക്ഷേപത്തുക ഇരട്ടിക്കുന്ന സ്‌കീമുകളിലേക്കാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ബാങ്കുകളിലെ തുഛമായ പലിശനിരക്കുകളാണ് സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. പെന്‍ഷന്‍ തുകയായും വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ സമ്പാദ്യമായുള്ള പണവും ബാങ്കുകളില്‍ നിക്ഷേപിച്ച് മാസപ്പലിശ വാങ്ങി ഉപജീവനം നടത്തുന്നവരെ തിരഞ്ഞുപിടിച്ച് കൂടുതല്‍ പലിശ നല്‍കാമെന്ന ഉറപ്പിലാണ് ലക്ഷങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കൈക്കലാക്കുക. സമാനമായ രീതിയില്‍ പിരിച്ചെടുക്കുന്ന കോടികളുടെ നിക്ഷേപത്തുക പണമിടപാട് സ്ഥാപനങ്ങള്‍ എന്തിന് ചിലവഴിച്ചുവെന്നതില്‍ ആര്‍ക്കും നിശ്ചയമില്ല.

കൃത്യമായ മാസപ്പലിശ കിട്ടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തലപുകയ്‌ക്കേണ്ടെന്നാണ് നിക്ഷേപകരുടെയും പൊതുവായ നിലപാട്. കേരളത്തിലെ ചില മുന്‍നിര ധനകാര്യ സ്ഥാപനങ്ങളില്‍ മാത്രമാണ് തൊഴിലാളികളുടെ സംഘടനാ പ്രവര്‍ത്തനത്തിന് അല്‍പ്പമെങ്കിലും അനുമതിയുള്ളത്. ഭൂരിപക്ഷം വരുന്ന ചെറുതും വലുതുമായ പണമിടപാട് സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒത്തുചേരാനുള്ള അവകാശം പോലുമില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് ശ്രമം നടത്തിയെങ്കിലും രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് ഇത്തരം നീക്കങ്ങള്‍ കാലാകാലങ്ങളില്‍ ധനകാര്യ സ്ഥാപന നടത്തിപ്പുകാര്‍ പരാജയപ്പെടുത്തുന്ന കാഴ്ചയാണ് കാലമിത്രയും നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *