ഡബ്ല്യു.ഐ.പി.ആർ. എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ

Kerala Latest News

തിരുവനന്തപുരം:പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ.) എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ പറഞ്ഞു. മുൻപ് ഡബ്ല്യു.ഐ.പി.ആർ. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള 266 വാർഡുകളാണുണ്ടായിരുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ വ്യാഴാഴ്ച നിലവിൽവരും.

ഡബ്ല്യു.ഐ.പി.ആർ. നിരക്ക് 14-ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15-ന് നടതുറക്കുമ്പോൾ രണ്ടുഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കോവിഡില്ലാ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് ദർശനം അനുവദിക്കും.

ഓണത്തിന് ആൾക്കൂട്ടമുണ്ടാവുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളിൽ നിയന്ത്രണമുണ്ടാകും. ലൈസൻസ് ഉള്ളവർക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിൽ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും- മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ വാക്‌സിൻ കിട്ടാത്തവർക്കും ചില അസുഖങ്ങൾ കാരണം വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകളിലും മറ്റും പോകാൻ അർഹതാ മാനദണ്ഡമുള്ള ആരും വീട്ടിലില്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാം. ഇത്തരത്തിലുള്ള വീടുകളിൽ ഹോം ഡെലിവറി ചെയ്യാൻ വ്യാപാരികൾ ശ്രദ്ധിക്കണം. അവർക്ക് കടകളിൽ പ്രത്യേക പരിഗണന നൽകണം.

വിദേശത്തു പോകാൻ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്താൻ ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികൾക്കു നൽകാൻ 20 ലക്ഷം ഡോസ് വാക്‌സിൻ വാങ്ങാനുള്ള നടപടികൾ പൂർത്തിയായി. ഏതൊക്കെ ആശുപത്രികൾക്ക് എത്ര വാക്‌സിൻ എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ വാക്‌സിൻ നൽകാനുള്ള സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *