കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യര്‍ അന്തരിച്ചു

Kerala Latest News

മലപ്പുറം: ആയുര്‍വേദത്തിന്റെ പെരുമ ആകാശത്തോളം ഉയര്‍ത്തിയ ഭീഷ്മാചാര്യന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷണ്‍ ഡോ. പി.കെ വാര്യര്‍ എന്ന പി. കൃഷ്ണന്‍ വാര്യര്‍ (100) വിട വാങ്ങി. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു.

1921 ജൂണ്‍ അഞ്ചിന് ജനിച്ച പി.കെ വാര്യര്‍ കഴിഞ്ഞ ജൂണ്‍ ആറിനാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 1948ല്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍നിന്ന് (പാഠശാല) ആര്യവൈദ്യന്‍ ബിരുദം നേടി. വിദ്യാഭ്യാസകാലത്ത് പുരോഗമനവിദ്യാഭ്യാസ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും പങ്കെടുത്ത് ശ്രദ്ധേയനായി. 1945ല്‍ ട്രസ്റ്റ് ബോര്‍ഡ് അംഗമായിരുന്നു. 1947ലാണ് ആര്യവൈദ്യശാല ഫാക്ടറി മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

ആദ്യത്തെ മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠന്‍ പി.എം വാരിയരുടെ നിര്യാണത്തെത്തുടര്‍ന്ന് 1953 ല്‍ ആര്യവൈദ്യശാലയുടെ സാരഥ്യം മുഴുവനായും ഏറ്റെടുത്തു. കഴിഞ്ഞ അര നൂറ്റാണ്ടുകാലം ആര്യവൈദ്യശാലയ്ക്കുണ്ടായ അഭിവൃദ്ധിക്ക് നെടുനായകത്വം വഹിച്ചത് പി.കെ. വാരിയരായിരുന്നു. ആഗോളതലത്തില്‍ ആയുര്‍വേദത്തിനുലഭിച്ച അംഗീകാരത്തിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ആസൂത്രണത്തിലുള്ള കഴിവും വ്യക്തിജീവിതത്തിലെ തെളിമയും ആര്‍ജവവുമാണ് പി.കെ വാരിയര്‍ വിജയത്തിനു കാരണം.

ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടേയും നേതൃ പദവികള്‍ വഹിച്ചു. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടേയും പ്രഭാഷണങ്ങളുടേയും സമാഹാരമാണ് ‘പാദമുദ്രകള്‍’ എന്ന പ്രൗഢഗ്രന്ഥം. ‘സ്മൃതിപര്‍വം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയും ജനപ്രീതി നേടി. 1992 മുതല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനാണ്. ആയുര്‍വേദത്തിന്റെ സമഗ്ര സംഭാവനകള്‍ക്ക് 1999 ല്‍ പത്മശ്രീയും 2010 ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു.

അന്തരിച്ച കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടേയും വൈദ്യരത്‌നം പി.എസ്. വാരിയരുടെ സഹോദരി പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. ഭാര്യ: വിദുഷിയും കവയിത്രിയും സഹൃദയയുമായിരുന്ന കക്കടവത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാര്‍. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍, സുഭദ്രരാമചന്ദ്രന്‍, പരേതനായ വിജയന്‍ വാര്യര്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍.

Leave a Reply

Your email address will not be published. Required fields are marked *