ആര്‍ അജിരാജകുമാര്‍
ന്യൂഡല്‍ഹി: ഇടതുവലതു മുന്നണികള്‍ക്കും എന്‍ ഡി എയ്ക്കും തലവേദന സൃഷ്ടിച്ച് ഒറ്റയാന്‍ വേഷത്തില്‍ നിലകൊള്ളുന്ന പി സി ജോര്‍ജിനെ യു ഡി എഫ് പാളയത്തില്‍ എത്തിക്കാന്‍ കത്തോലിക്ക സഭയുടെ നീക്കം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജോര്‍ജിനെ യു ഡി എഫിന്റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മേല്‍ കത്തോലിക്ക സഭയിലെ പ്രമുഖനായ ബിഷപ്പ് സമര്‍ദ്ദം തുടങ്ങി. ജനപക്ഷം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ യു ഡി എഫുമായി സഹകരിപ്പിക്കുക, അല്ലെങ്കില്‍ പി ജെ ജോസഫിനൊപ്പം കേരള കോണ്‍ഗ്രസിന്റെ ഭാഗമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തോലിക്ക മെത്രാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്നില്‍ വെച്ചിരിക്കുന്നത്. കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കത്തോലിക്ക സഭയിലെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് രംഗത്ത് എത്തിയ ഏക രാഷ്ട്രീയ നേതാവ് പി സി ജോര്‍ജ് മാത്രമായിരുന്നു.
കോടതി അടക്കം ബിഷപ്പ് ഫ്രാങ്കോക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടും ബിഷപ്പിനെ പിന്തുണച്ച് മാധ്യമങ്ങളില്‍ അടക്കം സജീവമായി രംഗത്തുവന്ന ജോര്‍ജിന്റെ സംരക്ഷണ ചുമതല സഭയിലെ മുതിര്‍ന്ന മെത്രാന്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. സഭയെ പൊതുമധ്യത്തില്‍ അപമാനിക്കുവാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ സഭയുടെ പുത്രനായി രംഗത്തുണ്ടായിരുന്നത് ജോര്‍ജ് മാത്രമാണെന്ന വൈകാരികമായ നിലപാടാണ് സഭയിലെ പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം മെത്രാന്‍ന്മാര്‍ക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കെ എം മാണിയുമായി തെറ്റി പിരിഞ്ഞതോടെയാണ് പി ജെ ജോര്‍ജ് ഒറ്റയാന്‍ വേഷത്തില്‍ പൊതുരംഗത്ത് എത്തിയത്. പിന്നീട് പൂഞ്ഞാറില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി ജെ പിയുമായി അടുപ്പം സ്ഥാപിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകള്‍ പാളിയതിനെ തുടര്‍ന്ന് എന്‍ ഡി എയില്‍ നിന്നും പുറത്തുപോകേണ്ടി വന്നു. ബി ജെ പിയുമായി ചങ്ങാത്തം കൂടിയതിനെ തുടര്‍ന്ന് പൂഞ്ഞാറില്‍ ജോര്‍ജിന്റെ ഏക്കാലത്തെയും വോട്ടുബാങ്കായിരുന്ന മുസ്ലിം വോട്ടര്‍മാരില്‍ വിള്ളലുണ്ടാക്കുകയും ചെയ്തു. ഇതോടെ പൂഞ്ഞാറില്‍ നിന്നും വീണ്ടുമൊരു മത്സരത്തിന് ജോര്‍ജിന് ഒരുക്കമല്ലെന്നാണ് അറിയുന്നത്. കത്തോലിക്ക സഭയ്ക്ക് വലിയ വേരോട്ടമുള്ള കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ വരുന്ന നിയമസഭയില്‍ അങ്കം കുറിക്കാനാണ് ജോര്‍ജിന് മോഹം. ഈ വിവരം മെത്രാനുമായി കഴിഞ്ഞിടെ പി സി ജോര്‍ജ് സംസാരിച്ചിരുന്നു. യു ഡി എഫിനൊപ്പം ചേര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചാല്‍ മികച്ച വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പി സിയുടെ കണക്കുകൂട്ടല്‍.
കാഞ്ഞിരപ്പള്ളി സിറ്റിംഗ് എം എല്‍ എ ഡോ. എന്‍ ജയരാജിന്റെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ ആലോചനകള്‍ നടത്തിവരികയാണ്. ഇതിനിടെ കാലങ്ങളായി തങ്ങള്‍ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന ഉറച്ചനിലപാടുമായി സി പി ഐയും രംഗത്തുണ്ട്. ബി ജെ പി ബാനറില്‍ മുന്‍ വനിതാ കമ്മീഷന്‍ അംഗം കൂടിയായ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി മത്സരരംഗത്ത് എത്തുമെന്നാണ് സൂചന. ത്രികോണ മത്സരത്തിന് സാധ്യതയുള്ള കാഞ്ഞിരപ്പള്ളിയില്‍ യു ഡി എഫ് വോട്ടുകള്‍ക്കൊപ്പം കത്തോലിക്കസഭയുടെ പിന്തുണയും എതിര്‍ സ്ഥാനാര്‍ഥിക്കെതിരായ അടിയൊഴുക്കുകള്‍ കൂടി അനുകൂലമായാല്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് ജോര്‍ജ് കണക്കുകൂട്ടുന്നത്.
സോണിയാ ഗാന്ധി വിദേശത്ത് നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ പി സി ജോര്‍ജ് വിഷയം കേരള നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്നാണ് മെത്രാന് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന ഉറപ്പ്. ഏ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരെ ദൂതന്‍ മുഖാന്തിരം ജോജിനെ യു ഡി എഫിന്റെ ഭാഗമാക്കണമെന്ന് മെത്രാന്‍ അറിയിച്ചുകഴിഞ്ഞു. കേരളത്തില്‍ രമേശ് ചെന്നിത്തലയുമായി മാനസികമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് പി സി ജോര്‍ജ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ വിഷയത്തില്‍ തെറ്റിപിരിഞ്ഞെങ്കിലും അടുത്തകാലത്ത് ഇരുവരും പരസ്പരം പിണക്കങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പി സി ജോര്‍ജിന്റെ യു ഡി എഫിലേക്കുള്ള മടക്കത്തിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തിലെ ചില നേതാക്കള്‍ക്ക് മാത്രമാണ് ജോര്‍ജിന്റെ ഐക്യമുന്നണിയിലേക്കുള്ള വരവില്‍ അസ്വസ്ഥതയുള്ളതെന്നാണ് വിവരം.