ന്യൂഡല്‍ഹി: കേരളത്തില്‍ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം സമ്പൂര്‍ണ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി മലയാളിയായ പി.കെ.ഡി നമ്പ്യാരാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.
പൊതുതാത്പര്യം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടു. ഐ.എം.എ ഉള്‍പ്പടെയുള്ളവര്‍ എതിര്‍ത്തിട്ടും ചില സാമുദായിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇളവുകള്‍ ഒഴിവാക്കിയത്. കൊവിഡ് മൂലം സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹച്യം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഇളവുകള്‍ എന്നതും ശ്രദ്ധയമാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മനു അഭിഷേക് സിംഗ്വിയും രംഗത്ത് വന്നിരിന്നു. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കൊവിഡ് സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് ശരിയല്ലെങ്കില്‍ ബക്രിദ് ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും സിംഗ്വി ട്വിറ്ററില്‍ കുറിച്ചു.