പിഎസ്ഇ റാങ്ക് പട്ടികയില്‍ മാറ്റം; ഒഴിവുകള്‍ക്ക് ആനുപാതികമായി പട്ടിക ചുരുക്കിയേക്കും

Kerala Latest News

തിരുവനന്തപുരം: പി.എസ്.ഇ റാങ്ക് പട്ടിക തയ്യാറാകുന്ന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. റാങ്ക് പട്ടിക ഒഴിവുകള്‍ക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ജോലി കിട്ടില്ല. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പലരും ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വിധേയരാകുന്നുവെന്ന് വ്യക്തമായതാണെന്നും അതിനാലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും നിയമസഭയില്‍ എച്ച് സലാമിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷ നല്‍കുന്ന സ്ഥിതിയുണ്ടാവില്ല. ജസ്റ്റിസ് ദിനേശന്‍ കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാകും ഇക്കാര്യത്തില്‍ തുടര്‍ തീരുമാനങ്ങളുണ്ടാവുക. ഒഴിവുകളേക്കാള്‍ വളരെയധികം പേരെ പട്ടികയില്‍ പെടുത്തുന്നത് അനഭലഷണീയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിരമിക്കല്‍ തീയതി പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *