ഐശ്വര്യകേരള യാത്രക്ക് പിന്നാലെ രാഹുല്‍ -പ്രിയങ്ക ടീമിന്റെ റോഡ് ഷോ 30 നിയോജക മണ്ഡലങ്ങളില്‍

Latest News

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് സമാപിക്കുന്ന ഐശ്വര്യകേരള യാത്രക്ക് പിന്നാലെ രാഹുല്‍- പ്രിയങ്ക ടീമിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ 30 ഓളം മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്താന്‍ ആലോചന. 5000 വോട്ടിന്റെ വ്യത്യാസത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിയമസഭാ മണ്ഡലങ്ങളെയാണ് റോഡ് ഷോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ എല്ലാ ജില്ലകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ വീതം ഇടംപിടിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളില്‍ പരമാവധി പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പാക്കാനും ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കി കഴിഞ്ഞു. സംസ്ഥാനത്ത് എന്തു വില കൊടുത്തും ഭരണം തിരിച്ചുപിടിക്കാന്‍ പതിനെട്ട് അടവും പ്രയോഗിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

യുവരക്തങ്ങളെയും വനിതകളെയും ഇറക്കി പരമാവധി വോട്ടുകള്‍ നേടുകയെന്നതാണു ഹൈക്കമാന്‍ഡ് തന്ത്രം. സര്‍ക്കാരിനെതിരായ സമരങ്ങളും ആരോപണങ്ങളും പരമാവധി കൊഴുപ്പിച്ചു ഭരണവിരുദ്ധ തരംഗത്തിനും ലക്ഷ്യമിടുന്നു. കോണ്‍ഗ്രസ് നിര്‍ബന്ധമായും ജയിക്കേണ്ട 50 മണ്ഡലങ്ങള്‍ കണ്ടെത്തി അവയെ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാല്‍ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലും എതിര്‍ കക്ഷികളുടെ കോട്ടകളെ സി ക്ലാസിലുമുള്‍പ്പെടുത്തും. 2016 ല്‍ പാര്‍ട്ടി ജയിച്ച 22 സീറ്റുകളും മികച്ച ജയസാധ്യതയുള്ള മറ്റു മണ്ഡലങ്ങളുമാണ് എ വിഭാഗത്തില്‍ വരിക. കേരളത്തിലെ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങളില്‍ റോഡ് ഷോ എന്ന പതിവ് ശൈലി ഇത്തവണ വേണ്ടെന്നാണ് രാഹുല്‍- പ്രിയങ്ക ടീമിന്റെ തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ക്ക് മേല്‍നോട്ട ചുമതല നല്‍കിയും, താഴെ തട്ട് മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുമാണ് കേരളത്തില്‍ ഭരണം തിരിച്ച് പിടിക്കാന്‍ എ ഐ സി സി നീക്കം. കൂട്ടായ നേതൃത്വത്തിന് കീഴില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധികളെയും അതിജീവിച്ച് കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം നേടാന്‍ സാധിക്കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ഐശ്വര്യ കേരള യാത്രക്ക് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ലഭിക്കുന്ന വമ്പിച്ച സ്വീകരണവും ജനപങ്കാളിത്വവും നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായ തരംഗം രൂപപ്പെട്ടതിന്റെ സൂചനയാണെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നടത്തുന്നു. എന്നാല്‍ സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് വരെ സംശയത്തിന്റെ നിഴലില്‍ വന്നിട്ടും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടിയത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാജയമാണെന്ന സ്വയം വിമര്‍ശനവും ഹൈക്കമാന്‍ഡ് നടത്തുന്നുണ്ട്. ഇത്തരം തിരിച്ചടികള്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി ശക്തസമാഹരണം കാലേകൂട്ടി നടത്താനാണ് റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും കേരളത്തിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സാമ്പത്തികമായ സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്നും കുറയുമ്പോള്‍ ജനപ്രിയ നേതാക്കളെ മണ്ഡലങ്ങളില്‍ എത്തിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന തന്ത്രമാകും ഇത്തവണ ഹൈക്കമാന്‍ഡ് സ്വീകരിക്കുക.

ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കേണ്ടവരുടെ രഹസ്യപ്പട്ടിക എ ഐ സി സിയുടെ കയ്യിലെത്തി കഴിഞ്ഞു. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ എ ഐ സി സി നേരിട്ടായിരുന്നു രഹസ്യ സര്‍വേ നടത്തിയത്. 100 സ്ഥാനാര്‍ഥികളുടെ സാധ്യതാപ്പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. കൊല്‍ക്കത്ത, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലെ 3 ഏജന്‍സികളാണു സര്‍വേക്ക് നേതൃത്വം നല്‍കിയത്. 90 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ടു മത്സരിക്കുമെന്ന നിഗമനത്തിലാണ് 100 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാഥികളുടെ പട്ടിക ഏജന്‍സികള്‍ ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാര്‍ട്ടിയോട് അനുഭാവമുള്ളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയ സാധ്യതാ സ്ഥാനാര്‍ഥികളുടെ ജനകീയതയും സ്വാധീനവും സര്‍വേയില്‍ പരിശോധിക്കപ്പെട്ടു. ഗ്രൂപ്പ്, വ്യക്തി താല്‍പര്യങ്ങള്‍ ഇക്കുറി ഇടം പിടിക്കില്ലെന്നു ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തില്‍ പല നേതാക്കളും സര്‍വേ റിപ്പോര്‍ട്ടിനെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്.

20 സീറ്റിനു മുകളില്‍ നേടാന്‍ മുസ്!ലിം ലീഗിനു സ്വന്തം നിലയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസ് (ജോസഫ്/ജേക്കബ്), ആര്‍എസ്പി, സിഎംപി അടക്കമുള്ള ഘടകകക്ഷികള്‍ നേടുന്ന സീറ്റുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ യുഡിഎഫിന് ഭരണം ഉറപ്പിക്കാനാകുമെന്നാണു പ്രതീക്ഷ. 71 സീറ്റ് ആണു കേവല ഭൂരിപക്ഷം. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്കു തോറ്റ മണ്ഡലങ്ങളും ഇതോടൊപ്പം ചേര്‍ക്കും. ഡിസിസികള്‍, പാര്‍ലമെന്റംഗങ്ങള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവ മുന്നോട്ടു വയ്ക്കുന്ന പേരുകളും, 3 സര്‍വേ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാവും ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക. ഈമാസം അവസാനത്തോടെ സ്ഥാനാര്‍ഥി പട്ടികയ്ക്കു രൂപം നല്‍കുമെന്നു നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *