ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

Kerala Latest News

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യക്കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന വൈകുമ്പോഴും ചില കാര്യങ്ങള്‍ വ്യക്തമായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് രമേശ് ചെന്നിത്തല സുപ്രധാന ചുമതലയുമായി ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നതായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവന എന്നാല്‍ കാര്യങ്ങളെയെല്ലാം മാറ്റി മറിച്ചു. അവസാന നിമിഷം കെ.സി വേണുഗോപാല്‍ നിര്‍ദേശിച്ച ആളെ വെട്ടി രമേശ് നല്‍കിയ പേര് ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിരുന്നു.

ഇത് പോലും പരിഗണിക്കാതെ രമേശ് ചെന്നിത്തല നടത്തിയ പ്രതിഷേധമാണ് രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിയ്ക്കുന്നത്. രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് നിയോഗിക്കുന്നതിലുള്ള തന്റെ അതൃപ്തി രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട ഒരു പരസ്യപ്രതിഷേധത്തിനും താന്‍ ഇല്ലെന്ന് ചെന്നിത്തല രാഹുലിനോട് വ്യക്തമാക്കിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക്. സംഘടനാ വിഷയങ്ങള്‍ കൈകാര്യം ചെയ്തുള്ള രമേശ് ചെന്നിത്തലയുടെ മുന്‍പരിചയം പാര്‍ട്ടി ഉപയോഗിക്കണമെന്നാണ് കമല്‍നാഥിന്റെ നിലപാട്.

രമേശ് ചെന്നിത്തലയെ മാറ്റിനിര്‍ത്തുന്നത് ഉചിതമല്ലെന്ന് ഹരിസ് റാവത്തും കരുതുന്നു. മുതിര്‍ന്ന നേതാക്കളും തങ്ങളുടെ നിലപാടുകള്‍ സോണിയാ ഗാന്ധിയോട് വ്യക്തമാക്കിയതായാണ് വിവരം. സെപ്റ്റംബര്‍ മൂന്നാം വാരത്തിന് മുന്‍പെങ്കിലും എ.ഐ.സി.സി പുനഃസംഘടന ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *