ലോക്സഭയില്‍ ജയിച്ചപ്പോള്‍ ആരും ക്രെഡിറ്റ് തന്നില്ല, ഇപ്പോള്‍ അപമാനിച്ച് ഇറക്കി വിടാന്‍ ശ്രമിക്കുന്നു; മുല്ലപ്പള്ളി

Kerala Latest News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ കുറിച്ചോ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടോ അദ്ദേഹം ഇതുവരെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അതേസമയം ഹൈക്കമാന്റിനെയും സംസ്ഥാന നേതാക്കളെയും ഈ വിഷയങ്ങളിലെ തന്റെ നിലപാട് മുല്ലപ്പള്ളി അറിയിച്ചു കഴിഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്ഥാനത്തും കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏത് നിമിഷവും ഒഴിയാന്‍ തയ്യാറാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞു പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അധ്യക്ഷസ്ഥാനത്ത് തുടരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഹൈക്കമാന്റ് പറഞ്ഞാല്‍ ഏത് നിമിഷവും താന്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും ഹൈക്കമാന്റിന് എന്ത് വേണമെങ്കിലും തീരുമാനിക്കാമെന്നും മുല്ലപ്പള്ളി അറിയിച്ചു. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം ഉണ്ടെന്നുള്ള കാര്യം മറക്കുന്നു. ലോക്സഭയില്‍ ജയിച്ചപ്പോള്‍ ആരും ക്രെഡിറ്റ് തന്നില്ല.

ഇപ്പോള്‍ പരാജയം തന്റെ മാത്രം ഉത്തരവാദിത്തമാക്കുന്നു. അപമാനിച്ചിറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഹൈബി ഈഡനെ പോലുള്ള യുവനേതാവ് ഉറക്കും തൂങ്ങി പ്രസിഡന്റ് എന്ന് തന്നെ പറയുമ്പോള്‍ അത് അപമാനിക്കല്‍ തന്നെയാണെന്നും മുല്ലപ്പള്ളി കേന്ദ്ര നേതൃത്വത്തെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയുമടക്കം അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുല്ലപ്പള്ളിയുടെ വിഷയത്തില്‍ ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നു ഇതുവരെയും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. വൈകാതെ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ച് പാര്‍ട്ടിക്കേറ്റ തോല്‍വിയെ കുറിച്ച് പഠിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 140 സീറ്റുകളില്‍ 41 സീറ്റില്‍ മാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്. ഇത് സംസ്ഥാന നേതൃത്വത്തിന് ആവശ്യമായ സംഘാടന ശേഷിയില്ലാത്തതിന്റെ കുറവാണെന്നാണ് കോണ്‍ഗ്രസില്‍ നിന്നുതെന്ന വിമര്‍ശനങ്ങളുയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *