കൊവിഡ് വ്യാപനം രൂക്ഷം; 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഉടന്‍ വാക്‌സിന്‍ നല്‍കണമെന്ന് ഐ.എം.എ

India

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ്-19 വാക്സിന്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യത്തില്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത് അയച്ചു.

നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഉടന്‍ വാക്സിന്‍ വിതരണം ചെയ്യണമെന്നാണ് ഐഎംഎ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. സിനിമ തീയറ്റര്‍, സാംസ്‌കാരിക-മതപരമായ ചടങ്ങുകള്‍, കായിക പരിപാടികള്‍ എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *