കോട്ടയം: കൊറോണ ദുരിതാശ്വാസത്തിനായി രണ്ടാം സാലറി ചലഞ്ചിന് ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം സ്വന്തം ധൂര്‍ത്ത് അവസാനിപ്പിക്കണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോടിക്കണക്കിന് രൂപയാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന വെള്ളാനയെ തീറ്റിപ്പോറ്റാന്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പാഴാക്കുന്നു. മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടാനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപദേശകരെ നിയമിക്കാനും കോടികളാണ് ജനങ്ങളുടെ നികുതിപണത്തില്‍ നിന്നും ചിലവഴിക്കുന്നത്. ഇത്തരത്തില്‍ അനാവശ്യമായ ധൂര്‍ത്ത് ഒഴിവാക്കാന്‍ യാതൊന്നും ചെയ്യാതെയാണ് രണ്ടാം സാലറി ചലഞ്ചിന് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരോട് ആഹ്വാനം നടത്തുന്നത്.
പ്രളയദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ പങ്കാളികളായിരുന്നു. എന്നാല്‍ പിരിച്ചെടുത്ത തുകയില്‍ വലിയൊരു പങ്കും അനര്‍ഹര്‍ തട്ടിയെടുത്തെന്ന വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. ഇത്തരം സംഭവങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്ന കാര്യങ്ങളാണ്.
സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴും ഭരണത്തിന്റെ ആനുകൂല്യം തട്ടിയെടുത്ത് വലിയൊരു വിഭാഗം തടിച്ചുകൊഴു ക്കുന്നുവെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സര്‍ക്കാരിന്റെ അനാവശ്യധൂര്‍ത്തുകള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കുമെന്നും ഡോ. പ്രമീളാദേവി പറഞ്ഞു.