ബംഗളൂരു: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിര്‍ണായക വഴിത്തിരിവ്.
കര്‍ണാടക പോലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹന്‍ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കര്‍ണാടക പോലീസിനോട് കേരള പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും.
മാര്‍ച്ച് 20ന് ആണു സനു മോഹനെ(40)യും മകള്‍ വൈഗയെയും (13) കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സനുമോഹനെ കാണാതാകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി കണ്ടെത്തി. തുടര്‍ന്നു രണ്ടാഴ്ചയോളം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാള്‍ കര്‍ണാടകയിലെ കൊല്ലൂരിലെ ഹോട്ടലില്‍ ഏപ്രില്‍ 10 മുതല്‍ 16 വരെ താമസിച്ചതായി വ്യക്തമായത്.
ലോഡ്ജില്‍ വെള്ളി പകല്‍ 11.30 വരെ ഉണ്ടായിരുന്നതു സനു മോഹന്‍ ആണെന്നു സ്ഥിരീകരിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. പിന്നീട്, ഇയാള്‍ വനമേഖലയിലേക്കു കടന്നതായുള്ള സൂചനയെത്തുടര്‍ന്ന് ഇതു കേന്ദ്രീകരിച്ച് അന്വേഷണവും നടത്തിയിരുന്നു.