തിരുവനന്തപുരം: നിലവിലുള്ള ഓണ്‍ലൈന്‍ പഠനം കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുവെന്ന് പഠനങ്ങള്‍. 36 ശതമാനം കുട്ടികള്‍ക്ക് കഴുത്ത് വേദനയും 36 ശതമാനം കുട്ടികള്‍ക്ക് തലവേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുവേദനയും അനുഭവപ്പെടുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. എസ്സിഇആര്‍ടി നടത്തിയ പഠനം ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെടുന്ന കുട്ടികള്‍ക്കു പ്രത്യേക ശ്രദ്ധയും വ്യായാമവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇവരെ പൂന്തോട്ട നിര്‍മാണത്തിലും പച്ചക്കറി കൃഷിയിലും ഏര്‍പ്പെടുത്തണം. അടുക്കള ജോലിയില്‍ സഹായിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെയും കൊവിഡ് നിയന്ത്രണ ഏജന്‍സികളുടെയും നിര്‍ദേശം ലഭിച്ചാല്‍ വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.